ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പ്രവർത്തകർ ഇന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയും. പാർട്ടി പ്രവർത്തകരോട് രാവിലെ പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽ എത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്യാനാണ് തീരുമാനം.
എന്നാൽ മാർച്ച് അധികദൂരം നീങ്ങും മുമ്പെ പൊലീസ് തടയാനാണ് സാധ്യത. ഡൽഹിയിൽ പലയിടങ്ങളിലായി പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ കെജ്രിവാള് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഡൽഹി ബി.ജെ.പിയുടെ മാർച്ചും രാവിലെ നടക്കും. 11.30 ന് ഡൽഹി സെക്രട്ടേറിയറ്റിലേക്കാണ് മാർച്ച്. അതേസമയം കെജ്രിവാളിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്ന കെ.കവിതയെയും കെജ്രിവാളിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം. ചോദ്യം ചെയ്യലിനോട് കെജ്രിവാള് സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്. കവിതയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന്നു മുമ്പ് സുപ്രധാന ചോദ്യങ്ങളും സംശയങ്ങളും ഇരുവരെയും ഒരുമിച്ചു ഇരുത്തി ചോദിച്ചുപൂർത്തിയാക്കാനാണ് ഇ.ഡിയുടെ ശ്രമം. മുതിർന്ന ഇ.ഡി ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്