ന്യൂഡൽഹി: ബിജെപിക്കെതിരേ വീണ്ടും “ഓപ്പറേഷൻ താമര’ ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. പാർട്ടിയിൽ ചേരാൻ ബിജെപി പ്രവർത്തകർ തന്നെ സമീപിച്ചിരുന്നുവെന്നും 10 എംഎൽഎമാരെ തന്നോടൊപ്പം കൊണ്ടുവന്ന് എഎപിയെ തകർക്കുകയാണെങ്കിൽ 25 കോടി രൂപ വാഗ്ദാനം ചെയ്തതായും കിരാരി എംഎല്‍എ ഋതുരാജ് ഝാ നിയമസഭയിൽ വെളിപ്പെടുത്തി.
ഞായറാഴ്ച തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം ബവാനയിലെ ദര്യപുരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോളാണ് മൂന്നോ നാലോ ബിജെപി പ്രവർത്തകർ തന്നെ മാറ്റിനിർത്തി ഇക്കാര്യം സംസാരിച്ചത്. ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും അവർ തന്നോട് സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഓപ്പറേഷന് താമരയിലൂടെ ഡല്‍ഹി സര്‍ക്കാരിനെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഋതുരാജ് ഝാ ആരോപിച്ചു. ഡല്‍ഹിയില്‍ നരേന്ദ്രമോദിയുടെ പാര്‍ട്ടിയെ നാലു തവണ തകര്‍ത്തിട്ടുള്ള ഇന്ത്യയിലെ ഏക നേതാവ് അരവിന്ദ് കെജ്രിവാളാണ്. 2013,2015, 2020 നിയമസഭാ തെരഞ്ഞെടുപ്പിലും 2022 എംസിഡി തെരഞ്ഞെടുപ്പിലും മോദിയെ കെജ്രിവാള് വീഴ്ത്തിയെന്നും ഈ സാഹചര്യത്തില്‍ തരംതാണ തന്ത്രവുമായി അവര്‍ സമീപിച്ചിരിക്കുകയാണെന്നും ഋതുരാജ് ആരോപിച്ചു.
ഇന്ത്യാ മഹാറാലിക്ക് ശേഷം താന്‍ ബാവനയിലെ ദരിയാപൂരില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. മൂന്നു നാലു ദിവസമായി ചിലര്‍ തന്നെ ഫോണിലൂടെ സമീപിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും പറഞ്ഞു.രാ’ത്രി 9.15 ന് ഞാന്‍ അവിടെ എത്തിയപ്പോള്‍ മൂന്ന്-നാല് പേര് എന്നെ ഒരു വശത്തേക്ക് കൂട്ടിക്കൊണ്ടുപോയി, നിങ്ങള്‍ സമ്മതിക്കില്ലെങ്കില്‍, നിങ്ങള്‍ക്ക് ഒന്നും ലഭിക്കില്ല, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും, നിങ്ങള്‍ 10 എംഎല്‍എമാരെ കൊണ്ടുവരിക, ഞങ്ങള്‍ 25 കോടി രൂപ തരാം എന്ന് പറഞ്ഞു. നിങ്ങള്‍ ഓരോരുത്തര്‍ക്കും കോടികള്‍, നിങ്ങളെ ബിജെപി സര്‍ക്കാരില്‍ മന്ത്രിയാക്കുമെന്ന് പറഞ്ഞു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ എഎപി എംഎല്‍എമാര്‍ പാര്‍ട്ടി വിടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ഝാ, ഓപ്പറേഷന് ലോട്ടസ് വീണ്ടും ആരംഭിച്ചതായും പറഞ്ഞു. പിന്നാലെ തിങ്കളാഴ്ച രാവിലെ 9:14 ന്, ഇന്റര്‍നെറ്റ് കോളില്‍ ഭീഷണിയും വന്നതായി പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയിലെ സംഭാഷണം ആരോടും വെളിപ്പെടുത്തരുതെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനെല്ലാം തന്റെ പക്കല്‍ തെളിവുണ്ടെന്നും ഝാ പറഞ്ഞു. ബിജെപി എംഎല്‍എ വിജേന്ദര്‍ ഗുപ്ത ഝായോട് കാവി പാര്‍ട്ടിയില്‍ ചേരാന്‍ വിളി ലഭിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയോ എന്ന് ചോദിച്ചു.
അതേസമയം, ഋതുരാജിന്റെ ആരോപണം തള്ളിയ ബിജെപി, പരാതി കൊടുക്കാൻ അദ്ദേഹത്തെ വെല്ലുവിളിച്ചു. അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് എഎപി ശ്രമിക്കുന്നതെന്നും ഡൽഹി ബിജെപി നേതാക്കൾ പറഞ്ഞു. എഎപി ഭരിക്കുന്ന പഞ്ചാബിലും ഓപ്പറേഷൻ താമര ആരോപണം ബിജെപിക്കെതിരേ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹി എംഎൽഎയുടെ വെളിപ്പെടുത്തൽ.