ന്യൂഡൽഹി : ഇഡി അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന . തെളിവുകള്‍ ഒന്നുമില്ലാതെയാണ് കെജരിവാളിനെ അറസ്റ്റ് ചെയ്തതെന്നും അതിഷി ആരോപിച്ചു. കെജ്രിവാള് വെല്ലുവിളിയാണെന്ന് മോദിക്കറിയാം. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഒരു ദേശീയ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറെ അറസ്റ്റ് ചെയ്യുന്നത്. കെജ്രിവാളിനെ പ്രചാരണ രംഗത്തുനിന്നും മാറ്റി നിര്‍ത്തി ഏകപക്ഷീയമായ വിജയം നേടാമെന്ന് ബിജെപി കരുതേണ്ടെന്നും അതിഷി ആരോപിച്ചു.
അതിനിടെ, അഴിമതി കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രാജിവെക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. രാജിക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി ബിജെപി ലെഫ്റ്റനന്റ് ഗവര്‍ണറെ സമീപിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണ്. മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കിൽ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. അതേസമയം രാജി വെക്കില്ലെന്നും ജയിലിൽ കിടന്ന് കെജ്രിവാൾ ഭരണം നയിക്കുമെന്നുമാണ് എഎപി പറയുന്നത്.