ലുധിയാന : ഇന്ത്യ മുന്നണിയിലെ ആദ്യ തിരഞ്ഞെടുപ്പ് ധാരണക്ക് കളമൊരുക്കിക്കൊണ്ട് ആം ആദ്മി പാർട്ടിയും കോൺഗ്രസും സീറ്റ് പങ്കിടാനുള്ള ധാരണയിലെത്തി. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ആം ആദ്മി പാർട്ടി സഖ്യം ഉരുത്തിരിഞ്ഞത്. പഞ്ചാബ്, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ ലോക്സഭാ സീറ്റ് വിഭജനത്തിലേക്ക് നീങ്ങുന്നതിന്റെ തുടക്കമായാണ് ഈ സഖ്യത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിനെ കേവലമൊരു മേയർ തിരഞ്ഞെടുപ്പായി കാണേണ്ടതല്ല, അത് ഇന്ത്യ മുന്നണി ബിജെപിയോട് നേരിട്ട് എതിരിടുന്ന ആദ്യ തെരഞ്ഞെടുപ്പ് ആണ്. ഇതിനു ശേഷം ബിജെപി-ഇന്ത്യ മുന്നണി സ്കോർ കാർഡ് ഇന്ത്യ മുന്നണി 1 – ബിജെപി 0 എന്നാകും-ആം ആദ്മി പാർട്ടി നേതാവ് രാഘവ് ചദ്ദ പറഞ്ഞു. സീറ്റ് ധാരണ പ്രകാരം മേയർ സ്ഥാനത്തേക്ക് ആം ആദ്മി പാർട്ടിയും സീനിയർ ഡെപ്യുട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് കോൺഗ്രസുമാകും മത്സരിക്കുകയെന്ന് സീനിയർ കോൺഗ്രസ് നേതാവ് പവൻകുമാർ ബൻസാൽ പറഞ്ഞു.