കൊല്ലം: കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കില്‍ മരം കടപുഴകി വീണു. തുടര്‍ന്ന് ഇന്നത്തെ കൊല്ലം – പുനലൂര്‍, പുനലൂര്‍ – കൊല്ലം മെമു സര്‍വീസുകള്‍ റദ്ദാക്കി. തോരാമഴയില്‍ കൊല്ലം നഗരത്തിലുള്‍പ്പടെ റോഡുകളില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണ്. രാവിലെ മുതല്‍ തുടരുന്ന മഴ വിദ്യാര്‍ഥികളുടെയും ഓഫിസ് ജീവനക്കാരുടെയും യാത്ര ബുദ്ധിമുട്ടിലാക്കി. പല ഭാഗത്തും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
തിരുവനന്തപുരം ചെങ്കോട്ട സംസ്ഥാനാന്തര പാതയില്‍ തെന്മല പള്ളംവെട്ടി എര്‍ത്ത് ഡാമിനു സമീപം ശെന്തുരുണി വന്യജീവി സങ്കേതത്തിലെ വന്മരം കടപുഴകി പാതയ്ക്കു കുറുകെ വീണു. ഒരു മണിക്കൂറിനു ശേഷം മരം വെട്ടി മാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള പ്രധാന പാത വെള്ളത്തിലാണ്. പാരപ്പള്ളി-പരവൂര്‍ റോഡില്‍ പാരിപ്പള്ളി ജംക്ഷനു സമീപമാണ് വെള്ളക്കെട്ട്. മെഡിക്കല്‍ കോളജ് ആശുപത്രിക്കു പുറമേ ഐഒസി ബോട്ടിലിങ് പ്ലാന്റിലേക്കുള്ള പാതയുമാണിത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്ലുവാതുക്കല്‍ ജംക്ഷനില്‍ അടിപ്പാത നിര്‍മാണം ആരംഭിച്ചതോടെ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു. പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപമുള്ള അഴുക്കുചാലിനു വീതി കുറവായതിനാല്‍ മഴവെള്ളം ഡിപ്പോയില്‍ നിറഞ്ഞു. പുനലൂര്‍- ഐക്കരക്കോണം-കക്കോട് റോഡ്, പുനലൂര്‍ -കല്ലാര്‍-വിളക്കുവെട്ടം റോഡ് എന്നിവിടങ്ങളില്‍ റോഡിലൂടെ വെള്ളം നിരന്ന് ഒഴുകിയത് ജനങ്ങള്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിച്ചു.