കണ്ണൂര്‍ : എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്ന് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് കേരളയെന്ന എക്സ് പേജിലാണ് ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചിട്ടുള്ളത്.
ദിവ്യയെ കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്നാണ് പോസ്റ്റില്‍ പറയുന്നത്. കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ കോണ്‍ഗ്രസ് ഓഫീസിലോ അറിയിക്കണമെന്ന്പോസ്റ്റില്‍ പറയുന്നു.
എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി അനുവദിക്കുന്നതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പി പി ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തി ആരോപിച്ചത്. തന്റെ കൈവശമുള്ള തെളിവുകള്‍ ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു.
എഡിഎമ്മിനെതിരെയുള്ള ആരോപണത്തിന് പിന്നാലെ കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ഒക്ടോബര്‍ 15ന് രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിനെതിരായ ആരോപണത്തില്‍ പി പി ദിവ്യക്കൊപ്പം കലക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.