


കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലകക്കേസില്‍ റിമാന്‍ഡിലായതിനാല്‍ പത്മകുമാര്‍ ജയിലില്‍ തന്നെ തുടരും.
കട്ടിളപ്പാളി കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ മറ്റ് പ്രതികള്‍ക്ക് അനുവദിച്ച ജാമ്യം ലഭിക്കാന്‍ തനിക്കും അര്‍ഹതയുണ്ടെന്നായിരുന്നു പത്മകുമാറിന്റെ വാദം. വാദം അംഗീകരിച്ച കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. ദ്വാരപാലക കേസില്‍ ഒരാഴ്ച കഴിയുന്നതോടെ പത്മകുമാറിന്റെ ജയില്‍വാസം 90 ദിവസം പിന്നിടും. അതിനു മുന്‍പെ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ആ കേസിലും പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കും. മാര്‍ച്ച് 31 ന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
2025 നവംബര്‍ 20 നാണ് സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാര്‍ അറസ്റ്റിലാകുന്നത്. കട്ടിളപ്പാളി കേസില്‍ ആയിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്. റിമാന്‍ഡില്‍ കഴിയവേ ദ്വാരപാലക ശില്പ കേസിലും എസ്ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം തേടി കോടതിയെ സമീപിച്ചത്. കേസില്‍ ഉണ്ണികൃഷ്ണന് പോറ്റി, എന്‍ വാസു തുടങ്ങിയവര്‍ സ്വാഭാവിക ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു.