മുംബൈ: ബീഫ് കടത്തിയെന്ന് ആരോപിച്ച് പശു സംരക്ഷകർ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. മുംബൈ കുർള സ്വദേശിയായ അഫാൻ അൻസാരിയാണ് (32) കൊല്ലപ്പെട്ടത്.
അഫാനും സഹായി നാസിർ ഷെയ്ക്കും കാറിൽ മാംസവുമായി വരികയായിരുന്നു. ഇതിനിടെ ഒരു സംഘം വാഹനം തടഞ്ഞ് ഇരുവരെയും ക്രൂരമായി മർദിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഫാൻ ഞായറാഴ്ച രാത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്ഥലത്തെത്തുമ്പോൾ ഇരുവരും മർദനമേറ്റ് കാറിനകത്ത് കിടക്കുകയായിരുന്നെന്നും കാർ തകർക്കപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഗോരക്ഷാ സേന പ്രവർത്തകരായ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിനും കലാപശ്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.