ന്യൂഡൽഹി : ആഗ്രയിൽ പതൽകോട്ട് എക്സ്പ്രസിൽ തീപിടിത്തം. ആഗ്രയിലെ ബദായി റെയിൽവെ സ്റ്റേഷന് സമീപത്തുവെച്ച് ഇന്ന് വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. ഒരു കോച്ച് പൂർണമായി കത്തിനശിച്ചു. തീപിടുത്തമുണ്ടായതിനു പിന്നാലെ ട്രെയിൻ നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വലിയ അപകടം ഒഴിവായി.
ട്രെയിൻ പഞ്ചാബിലെ ഫിറോസ്പുരിൽനിന്ന് മധ്യപ്രദേശിലെ ശിവാനിയിലേക്ക് പോകുകയായിരുന്നു. രണ്ട് കോച്ചുകളാണ് അഗ്നിക്കിരയായത്. എഞ്ചിനിൽനിന്നും നാലാമതായുള്ള ജനറൽ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇതിന് സമീപത്തെ മറ്റൊരു കോച്ചിലേക്കും തീപടരുകയായിരുന്നു. കോച്ചിൽനിന്ന് പുക ഉയർന്ന ഉടനെ ട്രെയിൻ നിർത്തി കൊച്ചുകൾ വേർപെടുത്തുകയായിരുന്നു. അതിനാൽ മറ്റ് കോച്ചുകളിലേക്ക് തീ പടർന്നില്ല.
സംഭവത്തെതുടർന്ന് സ്ഥലത്തേക്ക് ആംബുലൻസ് ഉൾപ്പെടെ എത്തിച്ചെങ്കിലും ആർക്കും പരിക്കേറ്റതായി വിവരമില്ലെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. യാത്രക്കാരിലൊരാളുടെ തലമുടിക്ക് തീപിടിച്ചെങ്കിലും ഉടൻ തന്നെ രക്ഷപ്പെടുത്തിയെന്നും അധികൃതർ പറഞ്ഞു. സംഭവം നടന്നതിന് പിന്നാലെ സമാന്തരമായ ട്രാക്കിലൂടെ വന്ന ദൂർഗമി എക്സ്പ്രസ് നിർത്തിയശേഷം തീപിടിച്ച ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ അതിലേക്ക് മാറ്റുകയായിരുന്നു.