പ്രതാപ്ഗഡ് : സർക്കാർ വിഭാവനം ചെയ്യുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയാൽ പെട്രോൾ വില 15 രൂപയാകുമെന്ന വാഗ്ദാനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എഥനോളും വൈദ്യുതിയും ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ രാജ്യത്ത് വ്യാപകമായാൽ പെട്രോൾ വില കുറയുമെന്നാണ് രാജസ്ഥാനിലെ പ്രതാപ്ഗഡിൽ ബിജെപി റാലിയിൽ സംസാരിക്കവെ കേന്ദ്രമന്ത്രി പറഞ്ഞത്. ശരാശരി 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതി വാഹനങ്ങളും പുറത്തിറങ്ങിയാൽ പെട്രോൾ ലിറ്ററിന് 15 രൂപ നിരക്കിൽ ലഭ്യമാക്കാൻ സാധിക്കും. അത് ജനങ്ങൾക്ക് ഏറെ ഗുണംചെയ്യും. മലിനീകരണവും പെട്രോൾ ഇറക്കുമതിയും കുറയും. നിലവിൽ 16 ലക്ഷം കോടി രൂപയാണ് ഇറക്കുമതിക്കായി വേണ്ടിവരുന്നത്. പകരം ഈ പണം കർഷകരുടെ കൈകളിലെത്തുമെന്നും മന്ത്രി പറഞ്ഞു. നേരത്തേ, പൂർണമായും എഥനോളിൽ ഓടുന്ന വാഹനങ്ങൾ നിരത്തിലിറക്കാനാണ് പദ്ധതിയെന്ന് മന്ത്രി ഗഡ്കരി പറഞ്ഞിരുന്നു. എഥനോളിലും വൈദ്യുതിയിലും ഓടുന്ന ടൊയോട്ട കാംറി കാർ ഓഗസ്റ്റിൽ നിരത്തിലിറക്കും. ബജാജ്, ടിവിഎസ്, ഹീറോ എന്നീ കമ്പനികൾ 100 ശതമാനവും എഥനോളിൽ ഓടുന്ന സ്കൂട്ടറുകൾ വിപണിയിലെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.