കല്‍പ്പറ്റ : വയനാട് പനമരത്ത് പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തി. തോട്ടില്‍ വീണ് കിടക്കുന്ന നിലയിലാണ് വനം വകുപ്പ് വാച്ചര്‍ പുലിയെ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയെ സുരക്ഷിതമായി വലവിരിച്ച് പിടികൂടി. അതിനുശേഷം പുലിയെ കുപ്പാടിയിലെ സംരക്ഷകേന്ദ്രത്തിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസങ്ങളില്‍ ജനവാസമേഖലയില്‍ പുലി എത്തിയതായി നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് വനം വകുപ്പ് വാച്ചര്‍ പുള്ളിപ്പുലിയെ കണ്ടെത്തിയത്. വനം വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘവും വെറ്റിനറി ഡോക്ടറും സംഘവും സ്ഥലത്തെത്തി,
പ്രദേശവാസികളെ മാറ്റിയ ശേഷമാണ് പുള്ളിപ്പുലിയെ പിടികൂടുന്ന ദൗത്യം ആരംഭിച്ചത്. പുലിയുടെ ആനാരോഗ്യം കണക്കിലെടുത്താണ് മയക്കുവെടി വയ്ക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ഇതിന് പിന്നാലെ വല വിരിച്ച് പുലിയെ പിടികൂടുകയായിരുന്നു.