തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കോൺഗ്രസിലെ ഗ്രൂപ്പുകൾ വൈരം വിട്ട് ഒന്നിക്കുന്നു. പുനസംഘടനാ വിഷയത്തിൽ പാർട്ടി നേതൃത്വത്തിനെതിരായ നീക്കം ചർച്ച ചെയ്യാൻ എ, ഐ ഗ്രൂപ്പുകൾ സംയുക്തയോഗം ചേർന്നത് ഇതിന് തെളിവായാണ് വിലയിരുത്തുന്നത്. നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ യോജിച്ച് നീങ്ങാനും ഗ്രൂപ്പുകൾ തീരുമാനിച്ചിട്ടുണ്ട്. എ,ഐ ഗ്രൂപ്പുകൾ പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കാൻ ഒരുങ്ങുന്നു എന്നും റിപ്പോർട്ടുണ്ട്.പറവൂർ മണ്ഡലത്തിലെ പുനർജനി പ്രളയ ഫണ്ട് കൈകാര്യത്തിലെ അപാകത ചൂണ്ടിക്കാട്ടി സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ഈ നീക്കത്തിനുള്ള അധിക ഇന്ധനമാണ്.
പാർട്ടി പുനസംഘടനയെ തുടർന്ന് ഗ്രൂപ്പുകളെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നെന്ന പരാതിയാണ് നേതാക്കൾ ഉയർത്തിയിരിക്കുന്നത്.പാർട്ടി പിടിക്കലാണ് സതീശന്റെ ലക്ഷ്യമെന്നും യോഗം വിലയിരുത്തി. രമേശ് ചെന്നിത്തല, എം എം ഹസ്സൻ, കെ സി ജോസഫ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ, എം കെ രാഘവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു എന്നാണ് റിപ്പോർട്ട്. നേരത്തേ ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പ് നേതാക്കൾ ബംഗളൂരുവിലെത്തി ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നു.
മുതിർന്ന നേതാക്കളെ സതീശൻ വിശ്വാസത്തിലെടുക്കുന്നില്ലെന്നാണ് ഗ്രൂപ്പുകളുടെ പ്രധാന വിമർശനം. പുനസംഘടനാ പട്ടികയിലടക്കം ചർച്ചയ്ക്ക് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും സി പി ഐ നേതാവുമായ സി ദിവാകരൻ നടത്തിയ പരാമർശങ്ങൾ നേതൃത്വം കാര്യമായി ഏറ്റുപിടിച്ചില്ലെന്നും എ ഗ്രൂപ്പിന് പരാതിയുണ്ട്. പ്രസ്താവനകളിൽ ഒതുങ്ങിനിന്നതല്ലാതെ വിഷയം ആളിക്കത്തിക്കാനോ ഇടതുമുന്നണിയെയും സർക്കാരിനെയും സമ്മർദ്ദത്തിലാക്കാനുള്ള നടപടികളൊന്നും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. എന്നാൽ സോളാർ കമ്മീഷനെതിരെ നടത്തിയ പരാമർശം ദിവാകരൻ തന്നെ തിരുത്തിയതിനാലാണ് വിഷയം കൂടുതൽ സജീവമാക്കാതിരുന്നതെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
അതേസമയം, സംസ്ഥാനത്തെ പാർട്ടിക്കകത്ത് ഇപ്പോൾ ഉയർന്നിരിക്കുന്ന പ്രശ്നങ്ങൾ ചെറിയ ചെറിയ കാറ്റാണെന്നാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറയുന്നത്. എല്ലാ പ്രശ്നങ്ങളും പറഞ്ഞുതീർക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ത് പാതകം ചെയ്തുവെന്ന് തനിക്ക് അറിയില്ല. പാർട്ടിക്കകത്തെ ഐക്യം തകരാതെ പ്രശ്നങ്ങൾ പറഞ്ഞുതീർക്കും’-സുധാകരൻ പറഞ്ഞു.