തിരുവനന്തപുരം : തിരുവനന്തപുരത്ത് വന്‍തോതില്‍ എംഡിഎംഎ ശേഖരം പിടികൂടി. തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോയില്‍ നിന്ന് 78. 78 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
രാജാജി നഗര്‍ സ്വദേശി മജീന്ദ്രന്, പെരിങ്ങമല സ്വദേശി ഷോണ്‍ അജി, എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ആണ് ടാറ്റൂ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്.
ടാറ്റൂ കേന്ദ്രത്തിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തി വരികയായിരുന്നുവെന്നും, ടാറ്റൂ കേന്ദ്രത്തില്‍ സഹായിയാണ് ഷോണ്‍ അജിയെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
വരുന്ന ദിവസങ്ങളിലും ടാറ്റൂ കേന്ദ്രങ്ങളില്‍ അടക്കം ശക്തമായി പരിശോധന നടത്തും. ഇതിനായി ഷാഡോ ടീമുകളെ നിയോഗിച്ചിട്ടുണ്ട്. മജീന്ദ്രന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലും മയക്കു മരുന്ന് കണ്ടെടുത്തിട്ടുണ്ട്. ബംഗലൂരുവില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ടാറ്റൂ കുത്തുന്നതിന് കൂടുതല്‍ സമയം ഇരിക്കേണ്ടതുണ്ട്. ഇത്രയും സമയം സാധാരണ മനുഷ്യന് ചെലവഴിക്കാന്‍ പറ്റില്ല. അതിനാല്‍ ഇത് അല്‍പ്പം ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഫ്രീയായി ഇരിക്കാന്‍ പറ്റുമെന്ന് ഉപഭോക്താക്കളോട് ഇവര്‍ പറയും. ഇതുപയോഗിക്കുന്നതോടെ എത്ര സമയം വേണമെങ്കിലും ഇരിക്കാനാകും. ഇതുവഴി രണ്ടു ബിസിനസ് ആണ് ഒരേസമയം നടന്നിരുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.