പെരുമ്പാവൂർ : പോഞ്ഞാശേരി ചുണ്ടമലയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു പൊടിക്കുന്ന കന്പനിയിൽ തീപിടിത്തം. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ആറ് യൂണിറ്റ് ഫയർഫോഴ്സ് സംഘത്തിന്റെ ശ്രമഫലമായി തീയണച്ചു. സംഭവത്തിൽ ആളപായമില്ല. പുലർച്ചെ മൂന്നിനാണ് തീപിടിത്തം ഉണ്ടായത്. പെരുമ്പാവൂർ, ആലുവ, പട്ടിമറ്റം, കോതമംഗലം, എറണാകുളം, ഏലൂർ എന്നിവിടങ്ങളിൽനിന്നാണ് ഫയർഫോഴ്സ് സംഘം എത്തിയത്. നാല് മണിക്കൂർ പരിശ്രമിച്ച് പുലർച്ചെ ഏഴോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പിഎഫ് പ്ലാസ്റ്റിക് എന്ന പേരിലുള്ള കമ്പനി പള്ളിക്കവല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.