തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ ഭരണവകുപ്പിലെ ഉദ്യോഗസ്ഥ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് ഉച്ചക്ക് ഇടവേള സമയത്തായിരുന്നു അപകടം.
പരിക്കേറ്റ ഉദ്യോഗസ്ഥയെ ആദ്യം തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാലത്തിന് ആഴത്തില്‍ മുറിവേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ജറി വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സെക്രട്ടേറിയറ്റ് അനക്സിലെ ഒന്നാം നിലയിലെ ശുചിമുറിയില്‍ വച്ചാണ് അപകടം ഉണ്ടായത്.
നേരത്തെ സീലിങ് പൊട്ടിവീണ് സെക്രട്ടേറിയറ്റ് ജീവനക്കാരന് പരിക്കേറ്റിരുന്നു. അന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്. അതിന് പിന്നാലെയാണ് ക്ലോസറ്റ് പൊട്ടിവീണ് വീണ്ടും അപകടം ഉണ്ടായത്.