തൃശ്ശൂര്‍ : വടക്കാഞ്ചേരിയില്‍ ഓടി കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കുന്നംകുളം സംസ്ഥാന പാതയില്‍ ഒന്നാം കല്ല് സെന്ററിന് സമീപത്ത് ഇന്ന് വൈകീട്ട് ആറ് മണിക്കാണ് അപകടം. നെല്ലുവായ് സ്വദേശി മാങ്ങാരപ്പൂഞ്ചയില്‍ വീട്ടില്‍ കൃഷ്ണന്റെ ടാറ്റ ഇന്‍ഡിക്ക കാറിനാണ് തീ പിടിച്ചത്.
വടക്കാഞ്ചേരിയില്‍ നിന്നും നെല്ലുവായിലേക്ക് പോകുകയായിരുന്നു കാര്‍. കാറിന്റെ ബോണറ്റില്‍ തീ ഉയരുന്നത് കണ്ട് വണ്ടി നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ കൃഷ്ണനും സഹയാത്രികനും പരിക്ക് പറ്റാതെ രക്ഷപ്പെട്ടു. വടക്കാഞ്ചേരിയില്‍ നിന്നുമെത്തിയ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ നിതീഷ് ടി കെയുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സംഘമെത്തി തീയണച്ചു.
ബാറ്ററിയുടെ ഷോട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വടക്കാഞ്ചേരി എസ്ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ അരമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു.