വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. ദ്വിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം ഇനി ഈജിപ്തിലേക്ക് പുറപ്പെടും. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഈജിപ്തിലേത്തുന്നത്.
യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും മോദി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി. പ്രമുഖ അമേരിക്കന്‍ കമ്പനി മേധാവികളെയും പ്രധാനമന്ത്രി കണ്ടിരുന്നു.ഇന്ത്യയിലെ ഡിജിറ്റല്‍ രംഗത്ത് 10 ബില്ല്യന്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചിരുന്നു. ഇന്ത്യന്‍ വ്യവസായ പ്രമുഖരായ ആനന്ദ് മഹീന്ദ്ര, മുകേഷ് അംബാനി, നിഖില്‍ കാമത്ത്, വൃന്ദ കപൂര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഇതാദ്യമായാണ് മോദി ഈജിപ്ത് സന്ദര്‍ശിക്കുന്നത്. അദ്ദേഹം ഇന്ന് കെയ്റോയിലേക്ക് തിരിക്കും. 1997 ന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഈജിപ്തിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനവും ആയതിനാല്‍ ഈ യാത്ര പ്രാധാന്യമര്‍ഹിക്കുന്നു. ഉഭയകക്ഷി ബന്ധത്തിന്റെ ദൃഢതയും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കാനുള്ള സാധ്യതയും ചര്‍ച്ചയാകും. ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ഹീലിയോപോളിസ് യുദ്ധ സെമിത്തേരി സന്ദര്‍ശിക്കും.