കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെ കുടുക്കിയത് ഡിജിറ്റൽ തെളിവുകൾ. മോൻസനും സുധാകരനും തമ്മിൽ 16 തവണ കൂടിക്കാഴ്ച നടത്തി. 2018 മുതൽ മോൻസൻ അറസ്റ്റിലാവുന്നതു വരെ ഇതു തുടർന്നു. കൂടിക്കാഴ്ച സംബന്ധിച്ചു സുധാകരനു കൃത്യമായ മറുപടിയില്ല. താൻ പണം കൈപ്പറ്റിയിട്ടില്ലെന്നു അദ്ദേഹം മൊഴി നൽകിയതായും റിപ്പോർട്ടുകൾ.
പണം കൈമാറിയ ദിവസം മോൻസൻ മാവുങ്കലിന്റെ വീട്ടിൽ തനുണ്ടായിരുന്നു. പണമിടപാടു സംബന്ധിച്ചു തനിക്കു അറിവില്ലെന്നു അദ്ദേഹം അന്വേഷണ സംഘത്തോടു പറഞ്ഞു. പരാതിക്കാരെ ഓൺലൈനിൽ വിളിപ്പിച്ചപ്പോൾ കണ്ട് പരിചയമുണ്ടെന്നു സുധാകരൻ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിൽ ഒരാളായ അനൂപ് അഹമ്മദിനോടു സംസാരിക്കാനും തയ്യാറായില്ലെന്നും റിപ്പോർട്ടിലുണ്ട്.
25 ലക്ഷം രൂപ മോൻസണിന് കൈമാറിയത് സുധാകരന്റെ ഉറപ്പിലാണെന്ന് പരാതിക്കാരനായ അനൂപ് മുഹമ്മദ് മൊഴി നൽകിയിരുന്നു. വിദേശനാണ്യ വിനിമയ നിയമപ്രകാരം തടഞ്ഞുവച്ച മോൻസണിന്റെ 2.62 ലക്ഷം കോടി രൂപ വിട്ടുകിട്ടിയാൽ എല്ലാവരും സേഫ് സോണിലാകുമെന്ന് മോൻസണിന്റെ മുന്നിൽവച്ച് സുധാകരൻ പറഞ്ഞതായും അനൂപ് മൊഴി നൽകി.
കേസിൽ പേര് പരാമർശിച്ചാൽ ഇല്ലാതാക്കുമെന്ന സുധാകരന്റെ പേരിലുള്ള ശബ്ദസന്ദേശം പിഎ എബിൻ എബ്രഹാം കേൾപ്പിച്ചെന്ന മൊഴിയും അനൂപ് നൽകി. ഇതിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് കൈമാറി. ഇതേക്കുറിച്ച് മരട് പൊലീസിലും ക്രൈംബ്രാഞ്ച് എഡിജിപിക്കും പരാതി നൽകിയതിന്റെ രേഖകളും അനൂപ് ചോദ്യംചെയ്യലിനിടെ കാണിച്ചു. 2018–-19 കാലത്ത് സുധാകരൻ എംപിയാകുന്നതിനു മുമ്പും ശേഷവും മോൻസൺ അറസ്റ്റിലാകുന്നതുവരെയുള്ള ഫോൺവിളി രേഖകൾ ക്രൈംബ്രാഞ്ച് സുധാകരന്റെ മുന്നിൽവച്ചു. ഇതോടൊപ്പം മോൻസണുമായി ബന്ധപ്പെട്ട സുധാകരന്റെ ചിത്രങ്ങളിലും വ്യക്തത തേടി.
ഇരുമ്പനം സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എബിൻ എബ്രഹാമാണ് സുധാകരനെ മോൻസണുമായി പരിചയപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇയാൾ തന്റെ പിഎ ആണെന്ന് സുധാകരൻതന്നെ വ്യക്തമാക്കുന്ന തെളിവുകളും കിട്ടി. മോൻസണിൽനിന്ന് ഇയാൾ വൻതുക കൈപ്പറ്റിയതിന്റെ ബാങ്ക് അക്കൗണ്ട് രേഖകളും ലഭിച്ചിരുന്നു. പരാതിക്കാരായ അനൂപ് മുഹമ്മദ്, എം ടി ഷെമീർ, നിർണായക സാക്ഷി ഡ്രൈവർ അജിത് എന്നിവരെ എബിൻ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു.
അതേസമയം സുധാകരനെതിരെ മതിയായ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മോൻസൻ സുധാകരനു 10 ലക്ഷം രൂപ നൽകിയതിനു തെളിവുണ്ട്. അദ്ദേഹം ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു വ്യക്തമാക്കി. പറയാൻ കഴിയാത്ത കാര്യങ്ങൾ സുധാകരൻ നിഷേധിച്ചതായും എസ്പി കൂട്ടിച്ചേർത്തു.