പാലക്കാട്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസിലെ പ്രതി കെ. വിദ്യയ്ക്ക് പൊലീസ് കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം. ഇതേ തുടർന്ന് വിദ്യയെ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വിദ്യയെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. ശനിയാഴ്ച തന്നെയാണ് വിദ്യയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നത്. ഇതിനിടയിലാണ് വിദ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ചോദ്യം ചെയ്യലിനിടെ വിദ്യ കുഴഞ്ഞുവീഴുകയായിരുന്നു. കോട്ടത്തറ ആശുപത്രി സൂപ്രണ്ട് സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നാലെ ഡിവൈഎസ്പി ഓഫീസിൽ നിന്ന് വിദ്യയെ നടത്തിച്ച് പുറത്തെത്തിച്ച ശേഷം ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് രാവിലെ വ്യക്തമാക്കിയിരുന്നു. ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും പൊലീസ് പറഞ്ഞു.
വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളില്‍ ഒട്ടും പതറാതെയാണ് വിദ്യ മറുപടികള്‍ നല്‍കുന്നത്. വ്യാജ രേഖ നിര്‍മിച്ചിട്ടില്ലെന്ന മുന്‍ മൊഴികളില്‍ വിദ്യ ഉറച്ച് നില്‍ക്കുകയാണ്. പറഞ്ഞു പഠിപ്പിച്ചപോലെയുളള പ്രതികരണമാണിതെന്നാണു പൊലീസ് സംശയം. ബയോഡാറ്റയിലെ “മഹാരാജാസ്’ പരാമര്‍ശം കൈപ്പിഴയെന്ന് പൊലീ സിനോടും വിദ്യ ആവര്‍ത്തിച്ചു. അട്ടപ്പാടി കോളജിലെ മുഖാമുഖത്തില്‍ മഹാരാജാസ് കോളജിന്റെ പേരില്‍ താന്‍ സമര്‍പ്പിച്ചതായി പറയുന്ന അധ്യാപന പരിശീലന സര്‍ട്ടിഫിക്കറ്റ് കോളജ് പ്രിന്‍സിപ്പലിന് മറ്റാരോ കൈമാറിയതെന്ന് വിദ്യ മൊഴിനല്‍കി.
ഇത് തന്റെ തലയിലാക്കി. ഫയലില്‍ സൂക്ഷിച്ച് വിവാദങ്ങളുണ്ടാക്കാന്‍ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. മഹാരാജാസ് കോളജിലെ അധ്യാപകരില്‍ ചിലരുടെ പ്രേരണയില്‍ അട്ടപ്പാടി പ്രിന്‍സിപ്പല്‍ താന്‍ വ്യാജരേഖ സമര്‍പ്പിച്ചു എന്ന് പ്രചരിപ്പിക്കുകയായിരുന്നു. പ്രിന്‍സിപ്പലിനോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചാല്‍ തനിക്കെതിരായ ഗൂഢാലോചനയുടെ വഴി മനസിലാകുമെന്നും വിദ്യ പറഞ്ഞു. അട്ടപ്പാടിയിലെ വിവാദത്തിന് പിന്നാലെ കരിന്തളത്തും താന്‍ വ്യാജരേഖ സമര്‍പ്പിച്ചു എന്ന് ബോധപൂര്‍വം പ്രചരിപ്പിച്ചു.
മഹാരാജാസിന്റെ പേരിലുള്ള അധ്യാപന പരിശീലന സര്‍ട്ടിഫിക്കറ്റ് താന്‍ കരിന്തളത്ത് സമര്‍പ്പിച്ചിട്ടില്ല. ആരോടും സംസാരിക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തതിനാല്‍ ആണ് ഫോണുകള്‍ ബോധപൂര്‍വം നിശ്ചലമാക്കിയത്. സുഹൃത്തുക്കളായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നല്കിയ പിന്തുണയാണ് തന്നെയും കുടുംബത്തെയും തകര്‍ന്നുപോയ സാഹചര്യത്തില്‍ നിലനിര്‍ത്തിയത്. നോട്ടീസ് ലഭിച്ചിരുന്നുവെങ്കില്‍ താന്‍ നേരിട്ട് നേരത്തെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവുമായിരുന്നുവെന്നും വിദ്യ മൊഴി നല്കി.