കോട്ടയം : ശശി തരൂർ ക്ഷണം അർഹിക്കുന്ന തറവാടിയാണെന്നും സതീശനും വേണുഗോപാലും സംസാരിച്ചിരുന്നെങ്കിൽ ഗെറ്റൗട്ട് അടിച്ചേനെയെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജിസുകുമാരൻ നായർ. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെസി വേണുഗോപാലും തന്നെ വന്ന് കണ്ടെന്നും എന്നാല്‍ ഇരുവരോടുമുള്ള നിലപാടില്‍ മാറ്റവുമില്ലെന്ന് സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
ശശിതരൂര്‍ എന്‍എസ്എസിനെ സംബന്ധിച്ച് തറവാടിയാണെന്നും ആ കാലഘട്ടത്തിന് യോജിച്ച ആള് ആയതിനാലാണ് അന്ന് ക്ഷണിച്ചത്. ആ നിലപാട് എല്ലാ കോൺഗ്രസുകാരോടും ഇല്ല. ‘ബിഷപ്പ് മരിച്ച സമയത്ത് അവിടെ പോയപ്പോള്‍ സതീശനും വേണുഗോപാലും ഇവിടെ വന്നിരുന്നു. ഞാന്‍ ഒന്നും പറഞ്ഞില്ല. അവര്‍ പെട്ടന്ന് സ്ഥലം വിട്ടു, സംസാരിച്ചിരുന്നെങ്കില്‍ ഗറ്റ്ഔട്ട് അടിച്ചേനെ, അതിനകത്ത് ഒരു സംശയവുമില്ല. വിഡി സതീശനോടും കെസി വേണുഗോപാലിനോടുമുള്ള നിലപാടില്‍ യാതൊരു മാറ്റവുമില്ല’ – സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മുന്‍ അംഗം കലഞ്ഞൂര്‍ മധു സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായും സംഘടനയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ മധു പിന്തുണച്ചെന്നും എന്‍എസ്എസിന് ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് മധു പുറത്തായതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സംഘടനാവിരുദ്ധ പ്രവര്‍ത്തനം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ ബോര്‍ഡില്‍ ഉള്‍പ്പെടുത്താതിരുന്നത്. തനിക്ക് ഏകാധിപത്യമാണ് എന്ന അഭിപ്രായമുണ്ടെങ്കില്‍ കലഞ്ഞൂര്‍ മധുവിന് ഒരു നോമിനേഷന് പേപ്പര്‍ നല്‍കാമായിരുന്നു. അതുണ്ടായില്ല. അദ്ദേഹത്തിന് വേണ്ടി സംസാരിക്കാന്‍ അരെങ്കിലും ബോര്‍ഡില്‍ ഉണ്ടായിരുന്നോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.
എന്‍എസ്എസില്‍ നിന്ന് സ്ഥാനമാനങ്ങളെല്ലാം പറ്റിക്കൊണ്ടുതന്നെ അവര്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തി. അവരവരുടെതായ കുറ്റം കൊണ്ടാണ് അവരെല്ലാം പുറത്തുപോയത്. സാമൂഹിക മാധ്യമങ്ങളിലും അല്ലാതെയും സംഘടനാവിരുദ്ധ നടപടി തുടരുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിക്കേണ്ടി വന്നതെന്നും ഏത് സംഘടനയായാലും ഇത്തരം നടപടികള്‍ സ്വീകരിക്കുമായിരുന്നെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
താന്‍ 62 വര്‍ഷമായി എന്‍എസ്എസിന്റെ മണ്ണില്‍ തുടരുകയാണ്. പല സ്ഥാനങ്ങള്‍ അലങ്കരിച്ചു. അക്കൗണ്ടന്റായും അഡ്മിസിസ്ട്രേറ്റീവ് ഓഫീസറായും അസിസ്റ്റന്റ് സെക്രട്ടറിയായും സെക്രട്ടറിയുമായൊക്കെ പ്രവര്‍ത്തിച്ചു. ഒമ്പത് വര്‍ഷം മന്നത്ത് പത്മനാഭനൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവുമുണ്ടായി.താന്‍ അഴിമതിക്കാരനല്ല. അതിനാല്‍ത്തന്നെ പലര്‍ക്കും അവരവരുടെ കാര്യങ്ങള്‍ നടത്താന്‍ സാധിക്കുന്നില്ല. ജനം തന്നെ അംഗീകരിക്കുന്നുണ്ട്.സുകുമാരൻ നായർ അഞ്ചാം വട്ടവും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡയറകടര്‍ ബോര്‍ഡില്‍ കേരള കോൺഗ്രസ്- ബി നേതാവും എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാറിനെ പുതിയതായി ഉള്‍പ്പെടുത്തിയെന്നും സുകുമാരൻ നായർ അറിയിച്ചു.