ന്യൂഡൽഹി : മണിപ്പൂരിൽ കുക്കി വിഭാഗക്കാർക്ക് സൈനിക സംരക്ഷണം നൽകണമെന്ന് ആവശ്യപെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കാതെ സുപ്രീം കോടതി. ഹർജിയിലെ ആവശ്യം തികച്ചും ക്രമസമാധാന വിഷയാമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റിയത്. മണിപ്പൂർ ട്രൈബൽ ഫോറം എന്ന എൻജിഒയ്ക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോണ്‍സാൽവസാണ് ഹർജി നൽകിയത്. ഹർജി ജൂലൈ മൂന്നിന് പരിഗണിക്കുമെന്ന് ജസ്റ്റീസുമാരായ സൂര്യകാന്ത്, എം.എം സുന്ദരേഷ് എന്നിവർ വ്യക്തമാക്കി. മണിപ്പൂരിൽ കുക്കി വിഭാഗക്കാരുടെ ഉന്മൂലനം ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരും മണിപ്പൂർ മുഖ്യമന്ത്രിയും പ്രവർത്തിക്കുന്നതെന്നും കേന്ദ്രസർക്കാരിന്റെ പൊള്ളയായ ആഹ്വാനങ്ങൾ മുഖവിലയ്ക്ക് എടുക്കാതെ കുക്കികൾക്ക് സംരക്ഷണം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.