പത്തനംതിട്ട: ശബരിമലയിൽ കാണിക്ക സമർപ്പിച്ച 11 ഗ്രാം സ്വർണം അപഹരിച്ച ദേവസ്വം ജീവനക്കാരൻ വിജിലൻസിന്റെ പിടിയിൽ. ഏറ്റുമാനൂർ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ റെജികുമാർ ആണ് പിടിയിലായത്. മാസപൂജ വേളയിൽ ശബരിമലയിൽ ജോലിക്ക് എത്തിയതായിരുന്നു റെജികുമാർ. ദേവസ്വം വിജിലൻസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം. ദേവസ്വം ബോർഡിലെ ഒരുദ്യോഗസ്ഥനാണ് ദേവന്റെ തിരുമുൻപിലെ ഭണ്ഡാരത്തിൽ കാണിക്കയായി സ്വർണം നിക്ഷേപിച്ചത് . എന്നാൽ കണക്കിൽ ഇത് വന്നിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ പരാതി നൽകി. തുടർന്ന് വിജിലൻസ് എസ് ഐ ബിജു രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഞായറാഴ്ച സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. സോപാനത്തിൽ ഭണ്ഡാരത്തിൽ കൺവെയർ ബെൽറ്റുവഴി വന്ന വള റെജികുമാർ മാലിന്യത്തിനിടയിലേക്ക് തള്ളിയിടുകയും പിന്നാലെ എടുക്കുകയും ചെയ്തെന്ന് വ്യക്തമായി. റെജികുമാറിന്റെ മുറി പരിശോധിച്ച വിജിലൻസ് സംഘത്തിന് തലയിണയുടെ അടിയിൽനിന്നും വള കണ്ടെത്തി.തുടർന്ന് ഇയാൾക്കെതിരെ കേസെടുത്ത് പമ്പാ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും.