ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും ഉടന്‍ ഇടപെടണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസാബലെ ആവശ്യപ്പെട്ടു. കലാപ ബാധിതര്‍ക്ക് വേണ്ടത്ര സഹായങ്ങള്‍ എത്തിക്കണം. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ദത്താത്രേയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 45 ദിവസമായി മണിപ്പൂരില്‍ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങള്‍ അത്യന്തം ആശങ്കാജനകമാണ്. മെയ് 3ന് ലായ് ഹറോബ ഉത്സവ വേളയില്‍ ചുരാചന്ദ്പൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിക്ക് ശേഷം മണിപ്പൂരില്‍ ആരംഭിച്ച അക്രമവും അനിശ്ചിതത്വവും അപലപനീയമാണ്. നൂറ്റാണ്ടുകളായി പരസ്പര സൗഹാര്‍ദ്ദത്തോടെയും സഹകരണത്തോടെയും സമാധാനപരമായ ജീവിതം നയിക്കുന്നവര്‍ക്കിടയില്‍ പിന്നീട് പൊട്ടിപ്പുറപ്പെട്ട അശാന്തിയുടെയും അക്രമത്തിന്റെയും കുത്തൊഴുക്ക് ഇപ്പോഴും നിലച്ചിട്ടില്ല എന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഈ വേദനാജനകമായ അക്രമം ഉടന്‍ തടയാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രാദേശിക ഭരണകൂടം, പോലീസ്, സൈന്യം, കേന്ദ്ര ഏജന്‍സികള്‍ എന്നിവയുള്‍പ്പെടെയുള്ള സര്‍ക്കാരിനോട് സംഘം അഭ്യര്‍ത്ഥിക്കുന്നു.ഒരു ജനാധിപത്യ സംവിധാനത്തില്‍ അക്രമത്തിനും വിദ്വേഷത്തിനും സ്ഥാനമില്ല. സമാധാനപരമായ അന്തരീക്ഷത്തില്‍ പരസ്പര സംഭാഷണത്തിലൂടെയും സാഹോദര്യത്തിന്റെ പ്രകടനത്തിലൂടെയും മാത്രമേ ഏത് പ്രശ്നത്തിനും പരിഹാരം സാധ്യമാകൂ ദത്താത്രേയ പ്രസ്താവനയില്‍ പറഞ്ഞു.