കൊൽക്കത്ത : തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ ബംഗാളിൽ അരങ്ങേറുന്ന വ്യാപക ആക്രമണത്തിനിടെ വീണ്ടും രാഷ്ട്രീയക്കൊല. സുജാപുരിൽ തൃണമൂൽ പ്രാദേശികനേതാവ് മുസ്തഫ ഷെയ്ക്ക് കൊല്ലപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരാണ് മുസ്തഫയെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. രണ്ടു ദിവസത്തിനിടെ ഉണ്ടാകുന്ന അഞ്ചാമത്തെ രാഷ്ട്രീയക്കൊലപാതമാണ് ഇത്. സംഘർഷമുണ്ടായ ഇടങ്ങൾ രണ്ടാം ദിവസവും ഗവർണർ സി.വി.ആനന്ദബോസ് സന്ദർശിക്കുകയാണ്.
സാഹേബ് ഗഞ്ചിൽ തൃണമൂൽ കോൺഗ്രസ് –ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. ബ്ലോക്ക് വികസന ഓഫിസറുടെ കാര്യാലയത്തിനു പുറത്തായിരുന്നു ഏറ്റുമുട്ടൽ. കേന്ദ്രമന്ത്രി നിഷിത് പ്രമാണിക് ആക്രമിക്കപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കിടെയായിരുന്നു സംഘർഷം.
കഴിഞ്ഞ ദിവസം വിവിധ അക്രമസംഭവങ്ങളിൽ രണ്ട് സിപിഎം പ്രവർത്തകരും ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്), തൃണമൂൽ പ്രവർത്തകരും കൊല്ലപ്പെട്ടിരുന്നു . നൂറുകണക്കിനുപേർക്ക് പരിക്കേറ്റു. പലയിടത്തും എതിർ സ്ഥാനാർഥികളെ തട്ടിക്കൊണ്ടുപോയാതായി പരാതിയുണ്ട് .ഉത്തര ദിനാജ്പുർ ജില്ലയിൽ നടന്ന ആക്രമണത്തിലാണ് സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടത്. പത്രിക സമർപ്പിക്കാനായി ഇടതുമുന്നണി പ്രവർത്തകർ നയിച്ച ജാഥയിലേക്ക് തൃണമൂലുകാർ ബോംബ് എറിയുകയും വെടിവയ്ക്കുകയും ചെയ്തു. ഈ അക്രമത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു, സ്ഥാനാർഥികൾ ഉൾപ്പെടെ 20 പേർക്ക് പരിക്കേറ്റു. ദക്ഷിണ 24 പർഗാനാസ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഐഎസ്എഫ്, തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടത്. .
പെട്രോള് ബോംബേറും കല്ലേറും തമ്മിലടിയുമായി സൗത്ത് 24 പർഗാനയിൽ ഒതുങ്ങിനിന്ന സംഘർഷം കുച്ച് ബിഹാറിലേക്കും സുജാപുരിലേക്കും വ്യാപിച്ചു. അടുത്ത മാസം എട്ടിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, ബംഗാളിൽ അക്രമം തുടരുന്നത്. സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.