കോട്ടയം : അഴിമതി കേസുകളിൽ കോൺഗ്രസുമായി സിപിഎമ്മിന് ധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വി.ഡി. സതീശന്റെ വിദേശ പണപ്പിരിവിന്റെ എല്ലാ തെളിവുകളും സർക്കാരിന്റെ പക്കലുണ്ടായിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ല. കെ. സുധാകരന്റെ കേസിലും മെല്ലെപ്പോക്കാണ് നടക്കുന്നത്. സർക്കാരും പ്രതിപക്ഷവുമായുള്ള അഡ്ജസ്റ്റ്മെന്റ് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നിയമവാഴ്ചയെ തച്ച് തകർക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെയും രണ്ട് മുന്നണികളും ഒരുമിച്ചാണ് നിൽക്കുന്നത്. ഒത്തുതീർപ്പ് രാഷ്ട്രീയത്തിനെതിരെ ബിജെപി വിപുലമായ പ്രചരണം നടത്തും. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട വ്യാജരേഖ കേസും പരീക്ഷ തട്ടിപ്പും സിപിഎമ്മിന്റെ സമർദപ്രകാരം സർക്കാർ അട്ടിമറിക്കുകയാണ്. വിദ്യ ഒളിവിൽ പോയത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.