ലണ്ടന്‍: വിഖ്യാത ഹോളിവുഡ് നടിയും മുൻ ബ്രിട്ടീഷ് എംപിയുമായ ഗ്ലെന്‍ഡ ജാക്സന് (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ ലണ്ടനിലെ ബ്ലാക്ക്ഹീത്തിലുള്ള വസതിയിലായിരുന്നു അന്ത്യം. രണ്ടുതവണ ഓസ്കറും മൂന്നു തവണ എമ്മി പുരസ്കാരവും നേടിയിട്ടുണ്ട്.
ബ്രിട്ടനില്‍ എംപിയും ഗതാഗത സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്നു. എലിബസത്ത് ആര് എന്ന ബിബിസി നാടകത്തില്‍ എലിസബത്ത് രാജ്ഞിയായി വേഷമിട്ടിരുന്നു. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന് വേണ്ടി 1992 മുതല്‍ അഭിനയരംഗത്തുനിന്ന് മാറിനിന്നു. നോര്‍ത്ത് ലണ്ടനില്‍ നിന്ന് 1992 മുതല്‍ 2015വരെ ലേബര്‍ പാര്‍ട്ടിയെ പ്രതിനീധികരിച്ച് എംപിയായി പ്രവര്‍ത്തിച്ചു.
വിമന്‍ ഇന്‍ ലവ്, എ ടെച്ച് ഓഫ് ക്ലാസ്, സണ്‍ഡെ ബ്ലെഡി സണ്‍ഡെ, മേരി ക്വീന്‍ ഓഫ് സ്കോട്ട്സ്, ഹെഡ്ഡ, ദി ഇന്‍ക്രഡിബിള്‍ സാറ, ആന്റണി ആന്റ് ക്ലിയോപാട്ര, കിംഗ് ലയര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാനവേഷം ചെയ്തു. 2015ല്‍ രാഷ്ട്രീയ രംഗത്ത് നിന്ന വിരമിച്ച ജാക്സണ് വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തി.