തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന് സ്ഥാനചലനം. തിരുവനന്തപുരം പാലോട് ചേര്‍ന്ന ആര്‍എസ് എസ് സംസ്ഥാന പ്രചാരക് ബൈഠകിലാണ് നിര്‍ണായക തീരുമാനം. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായ ഗണേശനുപകരം സഹ സെക്രട്ടറിയായിരുന്ന കെ സുഭാഷിനെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.
രണ്ടു ടേം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഗണേശനെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. കുറച്ചുകാലമായി സംഘടനാ സെക്രട്ടറിയും ബിജെപി നേതൃത്വവും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. സാമ്പത്തിക തിരിമറി ഉള്‍പ്പടെയുള്ള വിവാദങ്ങളില്‍ എം. ഗണേഷ് ഉള്‍പ്പെട്ടിരുന്നു. കെ ആര് ഉമാകാന്തന്‍ മാറിയ ശേഷം നാലുവര്‍ഷമായി ബിജെപി സംഘടനാ സെക്രട്ടറിയായിരുന്നു കാസര്‍കോടുകാരനായ ഗണേശന്. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ ഗണേശനെ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യനായി ( സംസ്ഥാന കമ്മിറ്റി അംഗം) നിയമിച്ചു.
ഇതോടെ അടുത്ത ദിവസങ്ങളില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലും അഴിച്ചുപണിക്ക് സാധ്യതയേറി. ഇന്നും നാളെയുമായി ബിജെപി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ ചേരുന്നുണ്ട്. അതില്‍ പങ്കെടുക്കാനായി ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എത്തുന്നുണ്ട്. യോഗശേഷം ബി എല്‍ സന്തോഷ് ആര്‍എസ്എസ് നേതൃത്വവുമായി നടത്തുന്ന കൂടിക്കാഴ്ച കെ സുരേന്ദ്രന് അടക്കമുള്ള നേതാക്കള്‍ക്ക് നിര്‍ണായകമാണ്.