കൊച്ചി: നടന് പൃഥ്വിരാജ് സുകുമാരനെതിരേ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കരുതെന്ന് മറുനാടൻ മലയാളി ഓൺലൈന്‍ കോടതി വിലക്ക്. അപകീര്‍ത്തി കേസില്‍ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് നല്കിയ മാനനഷ്ടക്കേസിലാണ് എറണാകുളം അഡീഷണല്‍ സബ് കോടതിയുടെ ഇടക്കാല ഉത്തരവ്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും നടനെതിരെ നടപടി ആരംഭിച്ചെന്നും ഖത്തര്‍ ആസ്ഥാനമായ മാഫിയ, മലയാള സിനിമാ വ്യവസാ യത്തില്‍ കള്ളപ്പണം മുടക്കുന്നതുകൊണ്ടാണു നടന് സിനിമകള്‍ നിര്‍മിക്കുന്നതെന്നും മറുനാടൻ മലയാളി വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് നല്കിയ കേസിലാണ് ചാനലിന്റെ മാനേജിംഗ് ചീഫ് എഡിറ്ററോട് പൃഥിരാജിനെതിരേയുള്ള വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിച്ചത്.
വിഷയവുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി ആദ്യ രണ്ടു വീഡിയോകള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ, ആരോപണം നിഷേധിച്ച് താരം സോഷ്യല്‍ മീഡിയയില്‍ പ്രസ്താവന നടത്തിയിരുന്നു. തനിക്കെതിരെ പ്രചരിക്കുന്ന അപകീര്‍ത്തികരമായ ഉള്ളടക്കത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ജിഎസ്ടി വകുപ്പ് ആരംഭിച്ച നടപടികള്‍ക്കു താരം പിഴ അടച്ചതായി വ്യക്തമാക്കുന്ന മൂന്നാമത്തെ വീഡിയോ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചു.എളുപ്പത്തില്‍ പരിശോധിക്കാവുന്ന കാര്യങ്ങളില്‍ തെളിവുകളൊന്നും നല്‍കാതെയാണ് തനിക്കെതിരേ തെറ്റായ ആരോപണങ്ങള്‍ ചാനല്‍ ഉന്നയിക്കുന്നതെന്നാണു താരം വാദിച്ചത്.