ന്യൂഡൽഹി: കർഷക സമരം നടക്കുന്ന വേളയിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സമ്മർദമുണ്ടായിരുന്നെന്ന ആരോപണവുമായി ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി. കർഷകരുടെ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നവരുടെയും, സർക്കാരിനെ വിമർശിക്കുന്നവരുടെയും അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ കമ്പനിക്ക് ഇന്ത്യയിൽ നിന്ന് ‘നിരവധി അഭ്യർത്ഥനകൾ’ ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം.
ഒരു അഭിമുഖത്തിലാണ് ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തൽ. അഭിമുഖത്തിനിടെ വിദേശ ഗവൺമെന്റുകളിൽ നിന്ന് എന്തെങ്കിലും സമ്മർദം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സർക്കാരിനെ വിമർശിച്ച മാദ്ധ്യമപ്രവർത്തകരടക്കമുള്ളവരുടെ അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. അനുസരിച്ചില്ലെങ്കിൽ ഇന്ത്യയിലെ ട്വിറ്റർ അടച്ചുപൂട്ടും, നിങ്ങളുടെ ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുമെന്നൊക്കെ ഭീഷണിപ്പെടുത്തിയതായും ജാക്ക് ഡോർസി ആരോപിക്കുന്നു.
“Indian govt told Twitter to black out farmers protests&tweets by journalists critical of the govt. Threatened to shut Twitter down in India&raid the homes of Twitter employees, which they did. And India is supposed to be a democratic country!”: Jack Dorsey, former CEO of Twitter pic.twitter.com/UDaBw92GBq — Prashant Bhushan (@pbhushan1) June 12, 2023
അഭിമുഖം റീട്വീറ്റ് ചെയ്തുകൊണ്ട് രൺദ്വീപ് സിംഗ് സുർജേവാല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മോദി സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ജാക്ക് ഡോർസിയുടെ ആരോപണം പച്ചക്കള്ളമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ഡോർസിയും സംഘവും ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചെന്നും രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിക്കാൻ അവർക്ക് പ്രശ്നമുണ്ടായിരുന്നെന്നും മന്ത്രി ആരോപിക്കുന്നു.