ന്യൂയോർക്ക് : ഇന്നല്ലെങ്കിൽ നാളെ കേരളത്തിൽ സിൽവർ ലൈൻ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘ സിൽവർലൈനിനെ അട്ടിമറിക്കുന്ന നിലപാട് പല കോണുകളിൽനിന്നും ഉണ്ടായി. അത് വെറും സ്വപ്നമെന്നു പറഞ്ഞു. ഇപ്പോൾ കേന്ദ്രാനുമതി ഇല്ലെങ്കിലും ഭാവിയിൽ പദ്ധതി യാഥാർഥ്യമാകും. വന്ദേഭാരത് ട്രെയിൻ വന്നപ്പോൾ നല്ല സ്വീകാര്യതയുണ്ടായതിലൂടെ ജനങ്ങൾ പറയാതെ പറയുന്നത് സെമി ഹൈസ്പീഡ് ട്രെയിനിന്റെ ആവശ്യകതയാണ്.’’– ലോക കേരളസഭയിൽ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ സർവതല സ്പർശിയായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. നഗരവൽകരണം ഏറ്റവും വേഗത്തിൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്റർനെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണെന്നും അത് കെ ഫോൺ വഴി കേരളത്തിൽ സാക്ഷാത്കരിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാകും. അതിനുള്ള തത്വത്തിൽ കേന്ദ്രത്തിൽനിന്ന് അനുമതി ലഭിച്ചു കഴിഞ്ഞു.
കേരളത്തിലെ റോഡുകൾ മികച്ചതാണ്. അരികൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകൾ നല്ല നിലയിലാണെന്ന് മനസ്സിലാക്കിയത്.നിർമാണ രംഗത്തുള്ള പ്രശ്ങ്ങൾ പരിഹരിച്ചു വരുന്നു. ഇപ്പോൾ നിക്ഷേപ സൗഹൃദവും വ്യവസായ അന്തരീക്ഷവും മെച്ചപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളിൽനിന്നുള്ള 250 പേരാണ് സമ്മേളന പ്രതിനിധികളാകുന്നത്.