തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കാലവര്‍ഷത്തിന് പിന്നാലെ ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുക കൂടി ചെയ്തതോടെ, ഇന്ന് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശീയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതിനിടെ, ബിപോര്‍ജോയിയുടെ ദിശ മാറി. ഒമാന്‍ തീരത്തേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന ചുഴലിക്കാറ്റ് ദിശ മാറി, വടക്ക് പാകിസ്ഥാന്, ഗുജറാത്ത് തീരങ്ങളിലേക്ക് നീങ്ങുന്നതായാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നിലവില്‍ അഞ്ചുകിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വരുംമണിക്കൂറില്‍ വീണ്ടും തീവ്രമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
വടക്കോട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ത്യയില്‍ സൗരാഷ്ട്ര, കച്ച് തീരങ്ങളില്‍ ജൂണ്‍ 15ന് തീരം തൊടുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ മുംബൈയുടെ പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശയില്‍ അറബിക്കടലില്‍ 600 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.