തിരുവനന്തപുരം: മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സര്‍ക്കാര്‍ വിരുദ്ധമോ, എസ്എഫ്ഐ വിരുദ്ധമോ ആയ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്നും ഗോവിന്ദന് പ്രതികരിച്ചു. ഗൂഢാലോചനയുടെ ഭാഗമായതിനാലാണ് മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തത്.
മാധ്യമത്തിന്റെ പേര് പറഞ്ഞ് ഒഴിയാന്‍ നോക്കണ്ട. ഗൂഢാലോചനയില്‍ വളരെ പെട്ടെന്ന് നടപടി സ്വീകരിച്ച സര്‍ക്കാരിന് പിന്തുണ നല്‍കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നുമായിരുന്നു ഗോവിന്ദന്റെ മറുപടി.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ പോലീസ് കേസെടുത്തത്. എഴുതാത്ത പരീക്ഷയ്ക്ക് തന്റെ പേരില്‍ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്ന സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന് കാട്ടി ആര്‍ഷോ ഡിജിപിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.