ന്യൂഡൽഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷണിനെതിരായ ലൈംഗിക പീഡന കേസിൽ പരാതിക്കാരായ പെൺകുട്ടികൾ തെളിവ് നൽകണമെന്ന് ഡൽഹി പൊലീസ് . സമ്മതമില്ലാതെ സ്പർശിച്ചതിനും ആലിംഗനം ചെയ്തതിനും തെളിവ് വേണമെന്നാണ് പരാതിക്കാരായ വനിതാ ഗുസ്തിതാരങ്ങളോട് പൊലീസ് ആവശ്യപ്പെട്ടത്.
ആ സമയത്തെ ഫോട്ടോ, ഓഡിയോ, വിഡിയോ തെളിവുകൾ നൽകണമെന്നാണ് ആവശ്യം. ബ്രിജ് ഭൂഷൺ തങ്ങളുടെ ശ്വാസോച്ഛ്വാസം പരിശോധിക്കാനെന്ന പേരിൽ നെഞ്ചിലും വയറിലും സ്പർശിച്ചതായി ആരോപിച്ച രണ്ട് വനിതാ ഗുസ്തിതാരങ്ങളോടാണ് പൊലീസ് തെളിവ് ആവശ്യപ്പെട്ടിരിക്കുന്നത്.പ്രായപൂർത്തിയായ രണ്ട് വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണിനെതിരെ ഏപ്രിൽ 21 ന് ഡൽഹി കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരുന്നത്. ടൂർണമെന്റുകൾ, പരിശീലന ഇടം, ഡൽഹിയിലെ ഡബ്ല്യുഎഫ്ഐ ഓഫീസ് എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലാണ് ബ്രിജ്ഭൂഷൺ പെൺതാരങ്ങളോട് മോശമായി പെരുമാറിയത്. ഇവരുടെ പരാതിയിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.
പരാതിയിൽ ഈ മാസം അഞ്ചിനാണ് പൊലീസ് താരങ്ങൾക്ക് നോട്ടീസ് നൽകിയത്. ഒരു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. ബ്രിജ്ഭൂഷൺ പീഡിപ്പിച്ച തീയതിയും സമയവും, ഡബ്ല്യുഎഫ്ഐ ഓഫീസിൽ എത്തിയ തീയതികൾ, മുറിയിൽ കൂടെ താമസിച്ചവർ, സംഭവത്തിന് സാക്ഷികളായവർ തുടങ്ങിയ വിശദാംശങ്ങളും പൊലീസ് ചോദിച്ചിട്ടുണ്ട്. ഗുസ്തിതാരങ്ങളിലൊരാൾ ഡബ്ല്യുഎഫ്ഐ ഓഫീസിൽ എത്തിയ ദിവസം തങ്ങിയ ഹോട്ടലിന്റെ വിവരങ്ങളും പൊലീസ് തേടി.