മലപ്പുറം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു പി.എം. ആര്‍ഷോയെ കുറ്റവിമുക്തനാക്കിയത് അന്വേഷണം അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അന്വേഷണം തീരും മുന്‍പേ എന്ത് അടിസ്ഥാനത്തിലാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ മന്ത്രി കുറ്റവിമുക്തനാക്കിയതെന്ന് അദ്ദേഹം ചോദിച്ചു. ഇത് വിചിത്രം ആണെന്നും സതീശന് പറഞ്ഞു.
വ്യാജരേഖാ വിവാദത്തിലെ വിദ്യ എസ്എഫ്ഐ നേതാവ് ആണ്. കാലടി സര്‍വകലാശാല യൂണിയന് സെക്രട്ടറിയായിരുന്ന വിദ്യയ്ക്കെതിരേ കേസില്‍ പോലീസ് ഒരു നടപടിയും എടുത്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കാന്‍ കൂട്ടുനിന്ന എസ്എഫ്ഐ നേതാക്കളടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നില്ലെന്നും സതീശന് ചൂണ്ടിക്കാണിച്ചു.
അതേ സമയം, മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ആര്‍ഷോ ഡിജിപിക്ക് പരാതി നൽകി. വ്യാഴാഴ്ചയാണ് ആര്‍ഷോ ഡിജിപിക്ക് ഇമെയില്‍ മുഖേന പരാതി നല്‍കിയത്. എഴുതാത്ത പരീക്ഷയ്ക്ക് തന്റെ പേരില്‍ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ആര്‍ഷോയുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന് പറഞ്ഞു.