ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നൽകിയത് വ്യാജ പീഡന പരാതിയാണെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ്. വാർത്താ ഏജൻസിയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ മകളോട് നീതി പൂർവമല്ല ബ്രിജ് ഭൂഷൺ ഇടപെട്ടത്. മകൾക്ക് ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടാതെ വന്നതോടെ വിരോധം തോന്നി. അതിനു മറുപടി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജപരാതി നൽകിയതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
2022 ൽ ലക്നൗവിൽ നടന്ന അണ്ടർ 17 ഏഷ്യൻ ചാംപ്യൻഷിപ്പ് യോഗ്യതാ റൗണ്ടിന്റെ ഫൈനലിൽ പെൺകുട്ടി തോറ്റിരുന്നു. റഫറിയുടെ തീരുമാനത്തിന് പിന്നിൽ ബ്രിജ് ഭൂഷണിന്റെ ഇടപെടലായിരുന്നുവെന്ന് സംശയിച്ചു. ഇതിന് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജപരാതി നൽകിയത്. കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അണ്ടർ 17 ഏഷ്യൻ ചാംപ്യൻഷിപ് യോഗ്യതാഘട്ടത്തിലെ തോൽവിയെക്കുറിച്ചു സുതാര്യമായ അന്വേഷണം നടത്തുമെന്നും പറഞ്ഞിട്ടുണ്ട്.
ഈ ഘട്ടത്തിലെങ്കിലും തെറ്റു തിരുത്തേണ്ടത് തന്റെ കടമയാണ്. കോടതിയിൽ എത്തുന്നതിനു മുൻപു തന്നെ സത്യം പുറത്തുവരട്ടെയെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പെൺകുട്ടി മൊഴി മാറ്റിയെന്നും അദ്ദേഹം സ്ഥിരീകരിച്ചു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബ്രിജ് ഭൂഷണിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തത്. ഈ മൊഴി മജിസ്ട്രേട്ടിനു മുന്നിലും ആവർത്തിച്ചിരുന്നു. എന്നാൽ, ഏതാനും ദിവസം മുമ്പാണ് പെൺകുട്ടി മൊഴി മാറ്റിയത്.