തിരുവനന്തപുരം: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്ഐയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. മാര്‍ക്ക് ലിസ്റ്റിലെ ക്രമക്കേടും ഗസ്റ്റ് ലക്ചറര്‍ നിയമത്തിന് വ്യാജരേഖ ചമച്ചതും ഗുരുതരവും അപലപനീയവുമാണെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. “ഉന്നതവിദ്യാഭ്യാസരംഗം വിവാദമുക്തമാകണം’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് വിമര്‍ശനം.
”രണ്ടു സംഭവങ്ങളിലും ഉൾപ്പെട്ടവർ ഒരു പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ മുൻനിര നേതാക്കളാണെന്നത് വിവാദത്തിന് ആനുപാതികമല്ലാത്ത വാർത്താപ്രാധാന്യം നല്‍കുന്നതിനും രൂക്ഷമായ രാഷ്ട്രീയ പ്രതികരണത്തിനും കാരണമായി. മാര്ക്ക്ലിസ്റ്റ് ക്രമക്കേടിൽ ഉൾപ്പെട്ടയാൾ അദ്ദേഹത്തിന്റെ സംഘടനയുടെ മുഖ്യഭാരവാഹികളിൽ ഒരാളാണ്. വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് അതേ സംഘടനയുടെ സർവകലാശാല വിദ്യാർത്ഥി യൂണിയൻ ഭാരവാഹിത്വം വഹിച്ചിരുന്ന ആളാണ്”- മുഖപ്രസംഗത്തില്‍ പറയുന്നു.
”ഗസ്റ്റ് ലക്ചറർ നിയമനത്തിന് വ്യാജരേഖ ചമച്ച കേസ് ഗുരുതരവും തികച്ചും അപലപനീയവുമാണ്. അത് ഒരു ക്രിമിനൽ കുറ്റകൃത്യമാണെന്നു മാത്രമല്ല, സമാനരീതിയിൽ വ്യാജരേഖ ഉപയോഗിച്ച് മുമ്പ് രണ്ട് കോളജുകളിൽ അവർ ലക്ചററായി പ്രവർത്തിച്ചിരുന്നതായും വാർത്തയുണ്ട്. പ്രിൻസിപ്പലിന്റെ ഒപ്പും സീലും ഉള്‍പ്പെടുത്തി വ്യാജ രേഖയുണ്ടാക്കാന്‍ അവര്‍ക്ക് സഹായം കിട്ടിയെന്ന ആരോപണം ഗൂഢാലോചനയുടെ സ്വഭാവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് വിമര്‍ശനമുണ്ട് .’- മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.