ഓരോ ദിവസവും ഇടപാടുകൾ നടത്തുന്നതിനുള്ള പരിധി രാജ്യത്തെ പ്രമുഖ യുപിഐ സേവനദാതാക്കൾ നിശ്ചയിച്ചു .ഗൂഗിൾ പേ (GPay), ഫോൺ പേ (PhonePe), ആമസോൺ പേ (Amazon Pay), പേടിഎം (Paytm) തുടങ്ങിയ എല്ലാ കമ്പനികളും ഇടപാടുകൾ നടത്തുന്നതിനുള്ള പരിധി നിശ്ചയിച്ചിട്ടുണ്ട്.
പരമാവധി അയക്കാവുന്ന പണവും, ഒരു തവണ അയക്കാവുന്ന പണവും, മണിക്കൂറിൽ അയക്കാവുന്ന പണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തെ കോടിക്കണക്കിന് യുപിഐ ഉപയോക്താക്കളെ ബാധിക്കുന്നതാണ് കമ്പനികളുടെ ഈ പുതിയ തീരുമാനം. എൻപിസിഐ നിന്ന് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇപ്പോൾ നിങ്ങൾക്ക് യുപിഐ വഴി പ്രതിദിനം ഒരു ലക്ഷം രൂപ വരെ മാത്രമേ ഇടപാട് നടത്താൻ കഴിയൂ. അതേസമയം, ചില ചെറുകിട ബാങ്കുകൾ ഈ പരിധി 25,000 വരെ നിശ്ചയിച്ചിട്ടുണ്ട്. ഏത് ആപ്പ് വഴിയാണ് നിങ്ങൾക്ക് ദിവസവും എത്ര ഇടപാട് നടത്താനാകുന്നതെന്ന് നോക്കാം.
ആമസോൺ പേ
ആമസോൺ പേ യുപിഐ വഴിയുള്ള പേയ്മെന്റിന്റെ പരമാവധി പരിധി 1,00,000 രൂപയായി നിശ്ചയിച്ചു. ആമസോൺ പേ യുപിഐയിൽ രജിസ്റ്റർ ചെയ്ത ശേഷം, ആദ്യ 24 മണിക്കൂറിനുള്ളിൽ ഉപയോക്താവിന് 5000 രൂപ വരെ മാത്രമേ ഇടപാട് നടത്താൻ കഴിയൂ. അതേസമയം, ബാങ്കിന്റെ അടിസ്ഥാനത്തിൽ എല്ലാ ദിവസവും നടത്താവുന്ന ഇടപാടുകളുടെ എണ്ണം 20 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
പേടിഎം
ഒരു ദിവസം പരമാവധി ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യാൻ പേടിഎം നിങ്ങളെ അനുവദിക്കുന്നു. ഒരു വ്യക്തിക്ക് യുപിഐ വഴി മണിക്കൂറിൽ 20,000 രൂപ വരെ പേടിഎം ഇടപാടുകൾ നടത്താം. ഒരു മണിക്കൂറിൽ പരമാവധി അഞ്ച് ഇടപാടുകളും ഒരു ദിവസം പരമാവധി 20 ഇടപാടുകളും എന്ന പരിധിയും പേടിഎം മുന്നോട്ട് വെച്ചിട്ടുണ്ട്.
ഫോൺപേ
ഫോൺപേ പ്രതിദിന യുപിഐ ഇടപാട് പരിധി 1,00,000 രൂപയായി നിശ്ചയിച്ചു. കൂടാതെ, ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു വ്യക്തിക്ക് ഫോൺപേ യുപിഐ വഴി പ്രതിദിനം പരമാവധി 10 അല്ലെങ്കിൽ 20 ഇടപാടുകൾ നടത്താനാകും.
ഗൂഗിൾ പേ
ഗൂഗിൾ പേ അല്ലെങ്കിൽ ജി പേ എല്ലാ യുപിഐ ആപ്പുകളിലും ബാങ്ക് അക്കൗണ്ടുകളിലുമായി മൊത്തം 10 ഇടപാടുകളുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഒരു ദിവസം 10 ഇടപാടുകൾ മാത്രമേ ചെയ്യാൻ കഴിയൂ. ഇങ്ങനെ പ്രതിദിനം ഒരു ലക്ഷം രൂപ വരെ ഇടപാടുകൾ നടത്താനാകും.
ഈ ആപ്പുകളിൽ മണിക്കൂർ പരിധിയില്ല
ഗൂഗിൾ പേ, ഫോൺ പേ എന്നിവയിൽ മണിക്കൂർ പരിധി നിശ്ചയിച്ചിട്ടില്ല.
ബാങ്കുകളിലും പരിധിയുണ്ടാകും
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്ബിഐ),എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) യുടെ നിർദേശ പ്രകാരം നിലവിൽ പ്രതിദിനം ഒരു ലക്ഷം രൂപയാണ് യു.പി.ഐ വഴി നടത്താവുന്ന ഇടപാട്. എന്നാൽ ബാങ്കുകളുടെ വലിപ്പത്തിനനുസരിച്ച് ഇതിൽ വ്യത്യാസമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയും എച്ച്.ഡി.എഫ്.സി ബാങ്കും ദിവസത്തിൽ ഒരു ലക്ഷം രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾ അനുവദിച്ചിട്ടുണ്ട്. ആക്സിസ് ബാങ്കും യു.പി.ഐ പരിധി ഒരു ലക്ഷമാക്കിയിട്ടുണ്ട്.എന്നാൽ കനറാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും പ്രതിദിനം പരമാവധി 25,000 രൂപ വരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താൻ അനുവദിക്കുന്നത്. ഐ.സി.ഐ.സി.ഐ ഇടപാടുകാർക്ക് ഒരു ദിവസം 10,000 രൂപവരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താൻ കഴിയൂ.
പ്രതിദിനം 20 ഇടപാടുകൾ
യു.പി.ഐ ഇടപാടുകൾ വഴി നടത്തുന്ന പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും എൻ.പി.സി.ഐ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിർദേശ പ്രകാരം ഒരു വ്യക്തിക്ക് പരമാവധി 20 ഇടപാടുകളാണ് നടത്താനാകുക. അതിന് മുകളിൽ ഇടപാട് നടത്തണമെങ്കിൽ 24 മണിക്കൂർ കാത്തിരിക്കണം. ഇതിലും വിവിധ ബാങ്കുകൾക്ക് അനുസരിച്ച് വ്യത്യാസമുണ്ട്.