കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ പൂർവവിദ്യാർത്ഥിനി വ്യാജരേഖ ചമച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു. ഗസ്റ്റ് ലക്ചറർ നിയമനത്തിനായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റാണ് കാസർകോട് സ്വദേശിനി കെ വിദ്യ വ്യാജമായുണ്ടാക്കിയത്. അതേസമയം, കേസ് അഗളി പൊലീസിന് കൈമാറും. കേസിനാസ്പദമായ സംഭവം നടന്നത് അഗളിയിലായതിനാൽ രേഖ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാനാവുക അഗളി പൊലീസിനാണെന്ന് കൊച്ചി പൊലീസ് വ്യക്തമാക്കി.
കോളേജിന്റെ ഭാഗത്തുനിന്ന് വിദ്യയ്ക്ക് ഒരു സഹായവും നൽകിയിട്ടില്ലെന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. കാസർകോടും പാലക്കാടും വ്യാജരേഖ ഉപയോഗിച്ച് ഗസ്റ്റ് ലക്ചററായി നിയമനത്തിന് ശ്രമിച്ച ആരോപണത്തിൽ പരാതി നൽകണോയെന്നതിൽ കോളേജ് ഇന്ന് തീരുമാനമെടുക്കും.മഹാരാജാസ് കോളേജിൽ 2018 മുതൽ 2021വരെ താത്കാലിക അദ്ധ്യാപികയായിരുന്നവെന്ന വ്യാജ രേഖയാണ് വിദ്യാ ചമച്ചത്. മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി ഇതുൾപ്പെടുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് പാലക്കാട് അട്ടപ്പാടി ഗവൺമെന്റ് കോളേജിലെ താത്കാലിക നിയമനത്തിനായി വിദ്യ ഹാജരാക്കിയത്.
സംശയം തോന്നിയ കോളേജ് അധികൃതർ മഹാരാജാസ് കോളേജിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുക്കുകയായിരുന്നു. കാസർകോട് കോളേജിലും വ്യാജ രേഖ ഉപയോഗിച്ച് വിദ്യ ഗസ്റ്റ് ലക്ചററായി പ്രവർത്തിച്ചിരുന്നു. കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജിൽ താത്കാലിക അദ്ധ്യാപികയായി ജോലി നേടിയത് മഹാരാജാസ് കോളേജിൽ അദ്ധ്യാപികയായിരുന്നുവെന്ന വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്.