ന്യൂഡൽഹി : മണിപ്പുരിലെ സുഗ്നു മേഖലയിൽ തിങ്കളാഴ്ച 15 പള്ളികൾക്കും 11 സ്കൂളിനും അക്രമികൾ തീയിട്ടു. 15 ഗ്രാമത്തിൽ ആക്രമണം ഉണ്ടായെന്ന് ഗോത്രവർഗ ഫോറം നേതാക്കൾ പറഞ്ഞു. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനുശേഷവും കലാപം ആളിക്കത്തുകയാണ്. സംസ്ഥാനത്തെ ഇന്റർനെറ്റ് നിരോധനം ശനിയാഴ്ചവരെ സർക്കാർ നീട്ടി.
മെയ്ത്തീ തീവ്രവാദ സംഘടനകളായ ആരംബായ് തെംഗോൽ, മെയ്ത്തീ ലീപുൺ എന്നിവയാണ് വ്യാപകമായി ആക്രമണങ്ങൾ നടത്തുന്നതെന്ന് ഗോത്രവർഗ നേതാക്കൾ പറഞ്ഞു. മെയ് 30ന് ചന്ദേലിൽ എട്ടും കാംങ്പോപ്കിയിൽ ഏഴും ഗ്രാമങ്ങൾ കത്തിച്ചു. ആരംബായ് തെംഗോൽ, മെയ്ത്തീ ലീപുൺ എന്നിവയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓൺലൈനിൽ ഒപ്പുശേഖരണവും തുടങ്ങി. 15 ദിവസത്തേക്ക് സമാധാനം പാലിക്കണമെന്ന് അമിത് ഷാ നിർദേശിച്ചിരുന്നു. മണിപ്പുർ താഴ്വരയിൽപോലും സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൗരസമൂഹ സംഘടനകളുടെ കൂട്ടായ്മ ഖുരായ്ജം അതൗബ നേതാക്കൾ പറഞ്ഞു.
മെയ് മൂന്നിനാണ് മണിപ്പുരിൽ വംശീയകലാപം തുടങ്ങിയത്. മെയ്ത്തീകൾക്ക് പട്ടികവർഗ പദവി നൽകാനുള്ള സർക്കാർനീക്കത്തെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. ഇതുവരെ 98 പേർ കലാപത്തിൽ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.