തിരുവനന്തപുരം : എഐ കാമറ സംവിധാനം ഉപയോഗിച്ച് തിങ്കൾ രാവിലെ എട്ടുമുതൽ സംസ്ഥാനത്തെ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയിട്ടുതുടങ്ങി. ആദ്യ 12 മണിക്കൂറിൽ കണ്ടെത്തിയത് 38,520 ലംഘനങ്ങൾ മാത്രം (മണിക്കൂറിൽ 3210). പുത്തൻ സംവിധാനത്തിനു കീഴിൽ പിഴയിടാൻ തുടങ്ങിയ ആദ്യദിനംതന്നെ നിയമലംഘനങ്ങൾ കുത്തനെ കുറഞ്ഞു. കഴിഞ്ഞ ദിവസംവരെ ശരാശരി 2.42 ലക്ഷം കേസാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എഐ കാമറ സ്ഥാപിക്കുന്നതിനുമുമ്പ് ഇത് 4.88 ലക്ഷമായിരുന്നു.
പരീക്ഷണ പ്രവർത്തനത്തിൽ ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം 2,31,250, 1,95,000 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ഞായറാഴ്ച മണിക്കൂറിൽ ശരാശരി 8,125 എണ്ണമായിരുന്നു. പിഴ പേടിച്ച് വാഹനയാത്രക്കാർ നിയമം കൃത്യമായി പാലിച്ചു തുടങ്ങിയതിന്റെ തെളിവാണിത്.ഒരാഴ്ചയ്ക്കുള്ളിൽ നിയമലംഘകരുടെ എണ്ണം 50 ശതമാനത്തിൽ താഴെ വരുമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് കണക്കുകൂട്ടിയിരുന്നത്. എന്നാൽ, ആദ്യം ദിനംതന്നെ 40 ശതമാനത്തിൽ താഴെയെത്തി.
നിയമഘംഘനം കണ്ടെത്തിയ വാഹന ഉടമകളുടെ വിലാസത്തിൽ ജില്ലാ കൺട്രോൾ റൂമുകളിൽനിന്ന് ചൊവ്വാഴ്ച നോട്ടീസ് അയച്ചുതുടങ്ങും. നോട്ടീസ് ലഭിക്കുന്നവർക്ക് അപ്പീൽ നൽകാൻ 14 ദിവസം അനുവദിക്കും. ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കാണ് പരാതി നൽകേണ്ടത്. പിഴ ഓൺലൈൻ വഴിയും ആർടി ഓഫീസുകളിൽ എത്തിയും അടയ്ക്കാം. നോട്ടീസ് ലഭിച്ച് ഒരുമാസത്തിനകം പിഴ അടയ്ക്കണം. ഇല്ലെങ്കിൽ സമയപരിധിക്കുശേഷം തുടർനടപടി സ്വീകരിക്കും. ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒ പരിശോധിച്ചശേഷമാകും വാഹനത്തിന്റെ നമ്പരും നിയമലംഘനവും വ്യക്തമാകുന്ന ചിത്രങ്ങൾ സഹിതം നോട്ടീസ് അയക്കുക. ഇതിനുമുമ്പ് രജിസ്റ്റേർഡ് മൊബൈലിൽ എസ്എംഎസും ലഭിക്കും. സ്ഥിരമായി ട്രാഫിക് ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ രജിസ്ടേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും.
മുന്നിൽ കൊല്ലം ; പിന്നിൽ മലപ്പുറം
തിരുവനന്തപുരം–4362, കൊല്ലം-4778, പത്തനംതിട്ട-1177, ആലപ്പുഴ-1288, കോട്ടയം-2194, ഇടുക്കി-1483, എറണാകുളം-1889, തൃശൂർ-3995, പാലക്കാട്–1007, മലപ്പുറം–545, കോഴിക്കോട്-1550, വയനാട്–1146, കണ്ണൂർ– 2437, കാസർകോട്–1040.