ന്യൂഡൽഹി: ഒഡീഷയിലെ ട്രെയിൻ അപകടത്തിനു പിന്നിൽ ഉപകരണങ്ങളുടെ സാങ്കേതികത്തകരാറാണെന്ന് സ്ഥലം പരിശോധിച്ച ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ സ്റ്റേഷനു സമീപം ചരക്ക് ട്രെയിൻ കിടന്ന ലൂപ്പ് ലൈനിലേക്ക് ഹൗറ- ചെന്നൈ കോറമാണ്ടൽ എക്സ്പ്രസ് പ്രവേശിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയത്. ലോക്കോ പൈലറ്റിന് സ്വയം തീരുമാനിച്ച് ലൈൻ മാറ്റാൻ കഴിയില്ല. പച്ച ലൈറ്റ് കത്തിയിരുന്നതായി നാല് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
സഞ്ചാരയോഗ്യമാണെന്ന് ഉറപ്പുവരുത്തി, നിർദിഷ്ട ട്രാക്കിലേക്കു ട്രെയിൻ വഴിതിരിച്ചുവിടുന്നത് ബിപിഎസി (ബ്ലോക്ക് പ്രൂവിങ് ബൈ ആക്സിൽ കൗണ്ടർ) സംവിധാനമാണ്.കൊൽക്കത്ത–ചെന്നൈ കൊറമാണ്ഡൽ എക്സ്പ്രസിന് (12841) ബഹനാഗ ബസാർ സ്റ്റേഷനിൽ സ്റ്റോപ്പില്ല. അതിനാൽ 129 കിലോമീറ്റർ വേഗത്തിൽ അത് പ്രധാന ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്നു. പച്ചവെളിച്ചം ട്രാക്ക് സുരക്ഷിതമെന്നു സിഗ്നൽ നൽകുകയും ചെയ്തു. എന്നാൽ, ട്രെയിൻ ലൂപ് പാതയിലൂടെ അടുത്ത ട്രാക്കിലേക്കു കടക്കുകയാണെന്ന വിവരം വൈകിയാണു ലോക്കോ പൈലറ്റ് മനസ്സിലാക്കിയത്. സമയം വൈകിട്ട് 6.55 ആയതിനാൽ ഇരുട്ടു വീണിരുന്നു. തൊട്ടടുത്ത ട്രാക്കിൽ നേരത്തേതന്നെ ചരക്കുവണ്ടി കിടപ്പുണ്ടായിരുന്നത് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയെന്ന് ഒരു ഓഫിസർ വിശദീകരിച്ചു.
സിഗ്നൽ നൽകിയത് പ്രധാന ട്രാക്കിലേക്കായിരുന്നെങ്കിലും ട്രെയിൻ ലൂപ് ലൈനിലേക്കു കയറിപ്പോവുകയായിരുന്നു. ഇതിനു പിന്നാലെ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസും (12864) പ്രധാന പാതയിലൂടെയെത്തി മറിഞ്ഞുകിടന്ന കോച്ചുകളിലേക്കു കയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു. അനുവദനീയമായ പരമാവധി വേഗത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ബ്രോഡ് ഗേജ് ലൈനുകളെ 6 ആയി തിരിച്ചിട്ടുണ്ട്. ‘എ’ വിഭാഗം പാതകളിൽ 160 കിലോമീറ്റർ വരെ വേഗം അനുവദനീയമാണ്. അപകടം നടന്ന റെയിൽവേ ട്രാക്ക് ‘ബി’ ഗ്രൂപ്പിൽപെട്ടതാണ്, ഇവിടെ പരമാവധി വേഗം മണിക്കൂറിൽ 130 കിലോമീറ്ററാണ്. കൊറമാണ്ഡൽ ഈ വേഗപരിധിയിലാണു സഞ്ചരിച്ചത്.
റിസർച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷന്റെ (ആർഡിഎസ്ഒ) അനുമതിയോടെ സ്വകാര്യ സ്ഥാപനങ്ങളാണു ബിപിഎസി ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. ഇതിന്റെ ഗുണനിലവാരം തർക്കവിഷയമാണെങ്കിലും പലപ്പോഴും ആർഡിഎസ്ഒയുടെ സൂക്ഷ്മ പരിശോധനയിൽനിന്നു രക്ഷപ്പെടുകയാണു പതിവ്.