ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിന്റെ 152 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായായിരുന്നു മാഞ്ചസ്റ്റർ ഡെർബിയില്‍ പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിക്ക് കിരീടനേട്ടം. ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യുണൈറ്റഡിനെ കീഴടക്കിയാണ് സിറ്റി കിരീടം ചൂടിയത്. ഗുണ്ടോഗന്റെ ഇരട്ട ഗോളുകളാണ് സിറ്റിക്ക് കിരീടം നേടിക്കൊടുത്തത്. ഇതോടെ മാഞ്ചസ്റ്റർസിറ്റിയുടെ എഫ്എ കപ്പ് കീരീടനേട്ടങ്ങളുടെ എണ്ണം ഏഴായി.
മത്സരത്തിന്റെ 12-ാം സെക്കൻഡിൽ ഗൂണ്ടോഗനിലൂടെ മാഞ്ചസ്റ്റർ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. എഫ്എ കപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഗുണ്ടോഗന്റെ ബൂട്ടിൽപിറന്നത്. എന്നാല്‍ ആദ്യപകുതിയിലെ അരമണിക്കൂര്‍ കഴിയുമ്പോഴെക്കും ഗ്രീലിഷിന്റെ ഹാൻഡ് ബോളിൽ 33-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസ് ഗോള്‍ മടക്കി. ആദ്യപകുതിയില്‍ ഇരുടീമും ഒപ്പത്തിനൊപ്പം കളിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെയായിരുന്നു സിറ്റിയുടെ വിജയഗോളും. 51-ാം മിനിറ്റിൽ ഡിബ്രൂയിന്റെ അസിസ്റ്റിൽ ഗൂണ്ടോഗൻ വീണ്ടും മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ് നൽകി. പിന്നീട് ഇരുടീമിനും ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും പന്ത് വലയില്‍ എത്തിയില്ല.
സീസണില്‍ മൂന്ന് കിരീടത്തിനരികെ മാഞ്ചസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും എഫ്എ കപ്പും സ്വന്തമാക്കിയ സിറ്റിക്ക് മുന്നിലുള്ളത് ചാമ്പ്യന്‍സ് ലീഗാണ്. ജൂണ്‍ പത്തിന് ഇന്റര്‍ മിലാനുമായി സ്താംബുളിലാണ് കീരീട പോരാട്ടം. സിറ്റിക്ക് കിരീടം ഉയര്‍ത്താനായാല്‍ ഇംഗ്ലിഷ് ഫുട്ബോളില്‍ ഇതുവരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാത്രം കൈവരിച്ചിട്ടുള്ള ‘ട്രെബിള്‍ നേട്ടം’ സിറ്റിയും സ്വന്തമാക്കും. 1999ലായിരുന്നു യുണൈറ്റഡിന്റെ ചരിത്ര നേട്ടം.