തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ ഒന്നാം വർഷ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ ഒമ്പത് വരെ അപേക്ഷിക്കാം. ജൂൺ 13ന് ട്രയൽ അലോട്ട്മെന്റും 19ന് ആദ്യ അലോട്ട്മെന്റും നടക്കും. മുഖ്യ അലോട്ട്മെന്റ് ജൂലായ് ഒന്നിന് അവസാനിപ്പിച്ച് അഞ്ചിന് ക്ലാസാരംഭിക്കും. പഠിച്ച സ്കൂൾ വഴിയോ തൊട്ടടുത്തുള്ള സർക്കാർ, എയ്ഡഡ് വൊക്കേഷണൽ സ്കൂളിലെയോ സൗകര്യമുപയോഗിച്ചും www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡ് ലോഗിൻ ചെയ്ത് Apply Online എന്ന ലിങ്കിലൂടെ നേരിട്ടും അപേക്ഷകൾ സമർപ്പിക്കാം. വൊക്കേഷണൽ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ മാനേജ്മെന്റ് ക്വാട്ടകളിൽ (20 ശതമാനം സീറ്റുകൾ) അതത് മാനേജ്മെന്റുകളാണ് പ്രവേശനം നടത്തുന്നത്. അതിനായി സ്കൂളുകളിൽ പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നൽകണം.