
തിരുവനന്തപുരം : അറസ്റ്റിലായ കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലറുമായ ആർ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകി യുഡിഎഫ് കൗൺസിലർമാർ. നാൽപ്പത് ദിവസം കഴിഞ്ഞിട്ടും നഗരസഭ കൗൺസിൽ യോഗം വിളിക്കുന്നില്ലെന്നും ആരോപണം. കൗൺസിൽ യോഗം വിളിക്കാത്തത് ജയിലിലുള്ള കൗൺസിലറെ സംരക്ഷിക്കാനെന്നും യുഡിഎഫ് കൗൺസിലർമാർ ആരോപിക്കുന്നു.
സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകളാണുള്ളത്. വട്ടിയൂർക്കാവ്,നെടുമങ്ങാട് സ്റ്റേഷനുകളിലായിട്ടാണ് 19 കേസുകൾ രജിസ്റ്റർ ചെയ്തത്. വധശ്രമം,ലഹളയുണ്ടാക്കൽ,പൊലീസ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയവയാണ് കേസുകൾ. ഈ മാസമാണ് സുഗതനെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷാ ജയിലായ വിയ്യൂരിലാണ് സുഗതൻ നിലവിൽ. സുഗതനെതിരെ എൽഡിഎഫ് കൗൺസിലർമാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതാദ്യമായാണ് കാപ്പാ കേസിൽ ഒരു കൗൺസിലർ ജയിലിൽ പോകുന്നത്. കാപ്പാ ചുമത്തി ജില്ലാ കളക്ടർ കരുതൽ തടങ്കലിലിടാൻ നിർദേശിച്ച ആളാണ് വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ. സുഗതനെ പിടികൂടുന്നതിനിടെ എസ്എച്ചഒ ആകാശത്തേക്ക് വെടിയുതിർത്തത് വിവാദമായിരുന്നു.