


മലപ്പുറം : മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീക്ക് പരിക്ക്. കരുളായി ശങ്കരൻകോട് പ്ലാന്റേഷനിലാണ് സംഭവം. കരുളായി സ്വദേശി സൈനബക്കാണ് പരിക്കേറ്റത്. സൈനബയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വനമേഖലയിൽ തേക്ക് വെച്ചുപിടിപ്പിക്കുന്ന ജോലി ചെയ്യുന്നതിനിടെയാണ് കാട്ടാന എത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാട്ടാന സൈനബയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സൈനബയുടെ നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഇവരെ ആദ്യം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റിയിരിക്കുകയാണ്.
നേരത്തെ, ഇന്ന് രാവിലെ വയനാട് മാനന്തവാടിയിലും കാട്ടാന ആക്രമണമുണ്ടായിരുന്നു. ആക്രമണത്തിൽ രാജുവെന്ന തോട്ടം തൊഴിലാളി കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ അടിയന്തരമായി കൈമാറുമെന്നും മാനന്തവാടി എംഎൽഎ ഉഷ വിജയൻ അറിയിച്ചിട്ടുണ്ട്.