


ന്യൂഡൽഹി : കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നിർണായക ഇടപെടലുമായി ശശിതരൂർ എംപി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കേരളത്തിലെ സാഹചര്യം കേന്ദ്ര നേതൃത്വത്തെ ധരിപ്പിപ്പിച്ചതായും തരൂർ വ്യക്തമാക്കി.
നിരീക്ഷകർ മല്ലികാർജുൻ ഖർഗെയെ അഭിപ്രായം അറിയിക്കുന്നതിന് മുമ്പാണ് ശശി തരൂർ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിപദത്തിനായി പോരടിക്കുന്ന നേതാക്കളെ അനുയിപ്പിക്കാൻ അനുനയ ഫോർമുല ഹൈക്കമാൻഡ് രൂപവത്കരിച്ചെന്നാണ് സൂചന. സുപ്രധാനവകുപ്പുകൾ ഉൾപ്പെടെ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം മുഖ്യമന്ത്രിവിഷയത്തിൽ നിർണായകമാവുക ശനിയാഴ്ച രാഹുൽ ഗാന്ധി കേരളത്തിൽനിന്നുള്ള നേതാക്കളുമായി നടത്തുന്ന ചർച്ചയാണ്. ചർച്ചയിൽ പങ്കെടുക്കാൻ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും ഉടൻ ഡൽഹിക്ക് തിരിക്കും. കെ.സി.വേണുഗോപാൽ നിലവിൽ ഡൽഹിയിലുണ്ട്.
ഇതിനിടെ കേരളത്തിലെ ചില മുതിർന്ന നേതാക്കളെ രാഹുൽ ഗാന്ധി ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർക്ക് അതൃപ്തിയുണ്ട്.