തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പ്രതി അഫാന്റെ പിതൃ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൊലപാതകം, അതിക്രമിച്ചു കയറൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.
600 പേജുള്ള കുറ്റപത്രത്തിൽ 360 സാക്ഷികളാണ് ഉള്ളത്. കാമുകിയും സഹോദരനും ഉൾപ്പെടെ 5 പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതി അഫാന്റെ അറസ്റ്റു രേഖപ്പെടുത്തി 93-ാം ദിവസമാണ് രണ്ടാം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 450 പേജുള്ള ആദ്യകുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചിരുന്നു.
ആകെ 48 ലക്ഷം രൂപയാണ് അഫാനും കുടുംബത്തിനും കടമുണ്ടായിരുന്നത്. കടം വീട്ടാൻ സഹായിച്ചില്ല, കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു തുടങ്ങിയ കാരണങ്ങൾ വൈരാഗ്യമായി മാറുകയും കൊലപ്പെടുത്തുകയുമായിരുന്നെന്നും കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ജയിലിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച അഫാൻ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളെജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. നിലവിൽ അഫാന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്