കൊച്ചി : അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം മുങ്ങിയ ചരക്കുകപ്പലില്‍ നിന്നും കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയും എണ്ണ ചോരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. അപകടത്തില്‍പ്പെട്ട എം എസ് സി എല്‍സ 3 എന്ന കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാല്‍ തൊടരുത്, അടുത്ത് പോകരുത്, വിവരം 112 എന്ന നമ്പറില്‍ അറിയിക്കണം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഇത്തരം വസ്തുക്കളില്‍ നിന്നും ചുരുങ്ങിയത് 200 മീറ്റര്‍ എങ്കിലും മാറി നില്ക്കാന് ശ്രദ്ധിക്കണം. കൂട്ടം കൂടി നില്‍ക്കരുത്. വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നു. കപ്പല്‍ മുങ്ങിയ ഇടത്ത് നിന്നും 20 നോട്ടിക്കല്‍ മൈല്‍ വരെ മത്സ്യബന്ധനം പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.
കേരള തീരത്ത് തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് ഏകദേശം 27 കിലോമീറ്റര്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്. നിലവില്‍ കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി. കപ്പലിലെ കണ്ടെയ്നറിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ തീരങ്ങളില്‍ എത്താനാണ് സാധ്യത. എന്നാല്‍, എണ്ണ പാട എവിടെ വേണമെങ്കിലും എത്താം എന്നതിനാല്‍ കേരള തീരത്ത് പൂര്‍ണ്ണമായും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.
കപ്പലില്‍ ഏകദേശം 640 കണ്ടെയ്നറുകള്‍ ആണ് ഉണ്ടായിരുന്നത്. ഇതില്‍ ഏകദേശം 100 ഓളം കണ്ടെയ്നര്കള് കടലില്‍ വീണിട്ടുണ്ടാകും. ഇവ മണിക്കൂറില്‍ ഏകദേശം 3 കിലോമീറ്റര്‍ വേഗത്തില്‍ ആണ് കടലില്‍ ഒഴുകി നടക്കുന്നത്. കപ്പല്‍ മുങ്ങിയ ഇടത്തു നിന്നും ഏകദേശം 37 കിലോമീറ്റര്‍ പ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നുമാണ് നിര്‍ദേശം.
സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കപ്പല്‍ അപകടം സംബന്ധിച്ച സാഹചര്യം വിലയിരുത്തിയാണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ആഭ്യന്തര, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ദുരന്ത നിവാരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ദേശീയ ദുരന്തനിവാരണ അതോറിറ്റി, ജോയിന്റ് ഡയറക്ടര്‍, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍, സംസ്ഥാന സര്‍ക്കാരിലെ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, അപകടത്തില്‍പ്പെട്ട കപ്പലിലെ ജീവനക്കാരുമായി ഐഎന്‍എസ് സുജാത കൊച്ചിയിലെത്തി. കപ്പല്‍ ജീവനക്കാരെ എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറി. കാലാവസ്ഥയുള്‍പ്പെടെ അപകടത്തിന് കാരണമായതായി കപ്പലിലെ ക്യാപ്റ്റന്‍ പ്രതികരിച്ചു. കപ്പലില്‍ ഉണ്ടായിരുന്നവര്‍ എല്ലാം സുരക്ഷിതരാണെന്നും ക്യാപ്റ്റന്‍ ഇവാനോവ് അലക്സാണ്ടര്‍ പ്രതികരിച്ചു.