തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പൊലീസ് ആദ്യ കുറ്റപത്രം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. പ്രതി അഫാന്റെ അച്ഛന്റെ അമ്മ സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം പാങ്ങോട് പൊലീസ് നല്‍കിയത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് 450 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കൊലയിലേക്ക് നയിച്ചത് അഫാന്റെ ആര്‍ഭാട ജീവിതവും സാമ്പത്തിക ബാധ്യതയുമാണെന്ന് കുറ്റപത്രം പറയുന്നു. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്ന് 88-ാം ദിവസമാണ് പൊലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.
അമ്മൂമ്മയും സഹോദരനെയും കാമുകിയെയും അച്ഛന്റെയും സഹോദരനെയും ഭാര്യയുമാണ് അഫാന് കൊലപ്പെടുത്തിയത്. ആദ്യം കൊലചെയ്യുന്നത് 95 വയസ്സുള്ള സല്‍മ ബീവിയെയാണ്. തനിച്ച് വീട്ടില്‍ താമസിച്ചിരുന്ന വൃദ്ധയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.