കോഴിക്കോട് : നിർമാണത്തിനിടെ കിണറിടിഞ്ഞു വീണു തൊഴിലാളിക്ക് ദാരുണാന്ത്യം. വടകര അഴിയൂരില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.30 നുണ്ടായ അപകടത്തിൽ കണ്ണൂര്‍ കരിയാട് പടന്നക്കര മുക്കാളിക്കല്‍ രതീഷാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ അഴിയൂര്‍ സ്വദേശി വേണുവിനെ ആശുപത്രിയിലേക്ക് മാറ്റി. ആറ് തൊഴിലാളികളാണ് സംഭവസ്ഥലത്ത് പണിയെടുത്തുകൊണ്ടിരുന്നത്. ഇവരില്‍ രണ്ടുപേരാണ് മണ്ണിനടിയില്‍പ്പെട്ടത്.
അപകടം നടന്നയുടനെ ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും രതീഷിനെ കണ്ടെത്താനായില്ല. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണ് നീക്കിയാണ് രതീഷിനെ കണ്ടെത്തിയത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രതീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. മഴ ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഘനനം പോലെയുള്ള ജോലികള്‍ നിര്‍ത്തിവെക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇത് അവഗണിച്ചാണ് തൊഴിലാളികള്‍ കിണര്‍ നിര്‍മാണത്തിലേർപ്പെട്ടത്. രതീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.